Thu. Nov 14th, 2024

 

റായ്പൂര്‍: ഛത്തിസ്ഗഢ് റായ്പൂരില്‍ ഡിജിറ്റല്‍ അറസ്റ്റ് വഴി സ്ത്രീയില്‍നിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന സൈബര്‍ കുറ്റവാളികള്‍ സ്ത്രീയെ 72 മണിക്കൂര്‍ ‘ഡിജിറ്റല്‍ അറസ്റ്റില്‍’ ആക്കിയാണ് തുക കവര്‍ന്നത്.

നവംബര്‍ മൂന്നിനും എട്ടിനും ഇടയിലാണ് സംഭവം. മുംബൈയിലെ ടെലികോം ഡിപ്പാര്‍ട്ട്മെന്റിറില്‍ നിന്നാണെന്ന് അവകാശപ്പെട്ട് സ്ത്രീക്ക് ഒരു കാള്‍ ലഭിക്കുകയായിരുന്നു.

നവാബ് മാലിക് എന്നയാള്‍ ഇവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും 311 ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചതായും വിളിച്ചയാള്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരാള്‍ക്ക് ഫോണ്‍ കൈമാറി.

സബ് ഇന്‍സ്പെക്ടര്‍ വിക്രം സിങ് എന്ന് പരിചയപ്പെടുത്തിയ ഈ ഉദ്യോഗസ്ഥന്‍ സ്ത്രീയുടെ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടുകയും അവരുടെ ഫോണ്‍ വിച്ഛേദിക്കുമെന്നും അനുസരിച്ചില്ലെങ്കില്‍ അറസ്റ്റ് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്ന് പരിഭ്രാന്തയായ സ്ത്രീ തട്ടിപ്പുകാരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് 58 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. പിന്നീട് യുവതി മകളോട് വിവരം പറയുകയും പരാതി നല്‍കുകയുമായിരുന്നു. സൈബര്‍ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.