Thu. Nov 21st, 2024

 

മലപ്പുറം: മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് താന്‍ ചെയര്‍മാനായിരുന്നപ്പോള്‍ അല്ലെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. സിപിഎം നേതാവ് ടികെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ആണ് നോട്ടീസ് അയച്ചതെന്നും റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നതെന്നും റഷീദലി തങ്ങള്‍ പറഞ്ഞു.

‘2008 കാലഘട്ടത്തില്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറാണ് നിസാര്‍ കമ്മീഷനെ നിയമിക്കുന്നത്. ആ കമ്മീഷന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് വന്നു. അത് സര്‍ക്കാറിന് സമര്‍പ്പിച്ചു. 2010ല്‍ ആ സ്വത്ത് തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാറിന്റെ ഉത്തരവ് വന്നു. അതിനെതിരെ അവിടെ താമസിക്കുന്നവര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി.

2016ല്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നു. എന്നാല്‍ വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചില്ല. ഒടുവില്‍ കോടതിയലക്ഷ്യ നോട്ടീസ് വന്നു. പിന്നീട്, ഭൂമി തിരിച്ചുപിടിക്കണമെന്ന് നോട്ടീസ് അയച്ചത് എന്റെ ശേഷം വന്ന വഖഫ് ബോര്‍ഡ് കമ്മിറ്റിയായിരുന്നു.

അന്ന് ടികെ ഹംസയായിരുന്നു ചെയര്‍മാന്‍. അദ്ദേഹമാണ് നോട്ടീസ് അയച്ചത്, ഞാനല്ല. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഈ വിഷയം പരിഗണിക്കാവുന്നതേയുള്ളൂ. അവിടെ താമസിക്കുന്നവരെ ഇറക്കി വിടാതെ മാനുഷിക പരിഗണന നല്‍കാവുന്നതാണ്’, റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.