Sun. Dec 22nd, 2024

 

റാഞ്ചി: ഹരിയാനയിലെ ഗുരുഗ്രാം സര്‍വകലാശാലയില്‍ ഫലസ്തീനിനെ അടിസ്ഥാനമാക്കി നടത്താനിരുന്ന സെമിനാര്‍ റദ്ദാക്കി. ഗുരുഗ്രാം സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് പബ്ലിക് പോളിസി വിഭാഗം ആഗോളതലത്തില്‍ നടത്താനിരുന്ന സെമിനാറാണ് റദ്ദാക്കിയത്.

നവംബര്‍ 12നാണ് യൂണിവേഴിസിറ്റി, സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫസറായ സോയ ഹസനുമായി ചേര്‍ന്ന് ഇത്തരത്തിലൊരു സെമിനാര്‍ നടത്താന്‍ തീരുമാനിച്ചത്.

‘ഫലസ്തീനിയന്‍ സ്ട്രഗിള്‍ ഫോര്‍ ഈക്വല്‍ റൈറ്റ്‌സ്, ഇന്ത്യ ആന്‍ഡ് ഗ്ലോബല്‍ റെസ്പോണ്‍സ്’ എന്ന പേരിലായിരുന്നു ഷോ നടത്താനിരുന്നത്. ചൊവ്വാഴ്ചയായിരുന്നു പരിപാടിക്ക് സോയ ഹസനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ പരിപാടി റദ്ദാക്കിയതായി അറയിച്ച് ഞായറാഴ്ച അവര്‍ക്ക് കോള്‍ ലഭിക്കുകയായിരുന്നു

ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്താകമാനമുള്ള ജനങ്ങള്‍ ഫലസ്തീനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ഗുരുഗ്രം യൂണിവേഴ്സിറ്റി പ്രൊഫസറോട് പറഞ്ഞിരുന്നത്. ഫലസ്തീനെ കുറിച്ചുള്ള പ്രസംഗം നടത്താനുള്ള ക്ഷണം താന്‍ സ്വീകരിച്ചുവെന്നും പക്ഷേ സംഭവിക്കില്ലെന്ന് ആദ്യമേ ഭയപ്പെട്ടിരുന്നുവെന്നും ഹസന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ ദിനേശ് കുമാര്‍ പരിപാടിക്ക് തന്റെ അംഗീകാരം തേടിയിട്ടില്ലെന്ന് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പറഞ്ഞു. വിവാദ വിഷയമായതിനാല്‍ തങ്ങള്‍ അത് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ഫലസ്തീനുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പരിപാടികളും ചര്‍ച്ചകളും റദ്ദാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബോംബെ, ജെഎന്‍യു തുടങ്ങി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അവസാന നിമിഷത്തില്‍ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.