Sun. Dec 22nd, 2024

കൊച്ചി: മലപ്പുറം മുന്‍ എസ്പി, ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

എസ്പി സുജിത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദേശം. എന്നാല്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജംദാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് കേസ് റദ്ദാക്കാനുള്ള ഉത്തരവ്.

മലപ്പുറം മുന്‍ പോലീസ് മേധാവി സുജിത്ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി, പൊന്നാനി ഇന്‍സ്‌പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ പേരിലായിരുന്നു പൊന്നാനി സ്വദേശിയായ സ്ത്രീ പീഡന ആരോപണം ഉന്നയിച്ചത്. ഇതിനെതിരെയാണ് ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ വിനോദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി വിധി.

വീട്ടമ്മയുടെ പരാതി അടിസ്ഥാന രഹിതമാണെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. പീഡനം നടന്ന സ്ഥലം, സമയമടക്കമുള്ള കാര്യങ്ങളില്‍ വീട്ടമ്മ കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ വിനോദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

2022 ഒക്ടോബറില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വീട്ടിലെത്തിയ ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ അന്നത്തെ തിരൂര്‍ ഡിവൈഎസ്പി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഉപദ്രവിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു.

ഇരുവര്‍ക്കുമെതിരേ പരാതി നല്‍കാന്‍ അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചെന്നും അദ്ദേഹം വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നും ഇവര്‍ ആരോപിച്ചു. സുജിത്ദാസിനെതിരേ രംഗത്തുവരാന്‍ ധൈര്യംപകര്‍ന്നത് പിവി അന്‍വര്‍ എംഎല്‍എയാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു.