Sun. Dec 22nd, 2024

 

മോസ്‌കോ: റഷ്യന്‍ കോടീശ്വരനും ടെലിഗ്രാം സിഇഒയുമായി പാവല്‍ ദുറോവ് തന്റെ ബീജവും ഐവിഎഫ് ചികിത്സയും സൗജന്യമായി നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്ത്. ബീജദാനത്തിലൂടെ നിരവധി കുട്ടികളുടെ ‘പിതാവായ’ ടെക് ബോസ് തന്റെ ബീജം സ്വീകരിക്കാന്‍ തയ്യാറുള്ള സ്ത്രീകള്‍ക്ക് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്യുന്നതായി മോസ്‌കോ ആസ്ഥാനമായുള്ള ഒരു ക്ലിനിക്ക് ആള്‍ട്രാവിറ്റയാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ അവര്‍ ചില നിബന്ധനകളും മുന്നോട്ടുവെക്കുന്നുണ്ട്. ക്ലിനിക്ക് പറയുന്നതനുസരിച്ച്, പങ്കെടുക്കുന്നയാളുടെ പരമാവധി പ്രായം 37 കവിയാന്‍ പാടില്ല. കൂടാതെ, അവരുടെ ആരോഗ്യാവസ്ഥ തൃപ്തികരമായിരിക്കണം. അത് ക്ലിനിക്കിന്റെ ‘റിപ്രൊഡക്ടോളജിസ്റ്റിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്’ അടിസ്ഥാനമാക്കി നിര്‍ണ്ണയിക്കപ്പെടുമെന്നും നിബന്ധനയില്‍ പറയുന്നു.

15 വര്‍ഷം മുമ്പ് ബീജം ദാനം ചെയ്യാന്‍ തുടങ്ങിയെന്ന് അവകാശപ്പെടുന്ന പാവല്‍ ദുറോവ് താന്‍ നൂറിലധികം കുട്ടികളുടെ പിതാവാണെന്ന വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് പാവല്‍ 12 രാജ്യങ്ങളിലായി തനിക്ക് നൂറിലധികം ബയോളജിക്കല്‍ കുട്ടികളുണ്ടെന്ന് അവകാശപ്പെട്ടത്.

മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സിഇഒ ആയ പാവല്‍ ദുറോവ് വിവാദങ്ങളുടെ തോഴന്‍ കൂടിയാണ്. കഴിഞ്ഞ ആഗസ്റ്റ് 25ന് ഫ്രാന്‍സിലെ ബുര്‍ഷെ വിമാനത്താവളത്തില്‍ വെച്ച് ദുറോവിനെ അറസ്റ്റ് ചെയ്തിരുന്നു. ടെലഗ്രാം വഴി നിയന്ത്രണമില്ലാതെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, ഭീകരവാദ പ്രചാരണങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവയാണ് പാവലിന്റെ അറസ്റ്റിലേക്ക് നയിച്ചത്.