Wed. Jan 22nd, 2025

 

ബെംഗളൂരു: കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്. ഷൂട്ടിങ്ങിനായി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തിലാണ് കര്‍ണാടക വനം വകുപ്പ് കേസെടുത്തത്. നിര്‍മാതാവിന് പുറമേ മറ്റു രണ്ടുപേരേയും പ്രതിചേര്‍ത്തിട്ടുണ്ട്.

1963ലെ കര്‍ണാടക വനം വകുപ്പ് നിയമപ്രകാരമാണ് നിര്‍മാതാക്കളായ കെവിഎന്‍ മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്എംടി ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബംഗളൂരു പീനിയയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്.

സ്ഥലം സന്ദര്‍ശിച്ച കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രേ വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിലെ പീനിയ പ്ലാന്റേഷനിലെ 599 ഏക്കര്‍ വനമേഖലയുടെ ഭാഗമാണ് ടോക്‌സിക് ചിത്രീകരിച്ച ഭൂമി. 1900 ത്തിന്റെ തുടക്കത്തില്‍ ഈ പ്രദേശം വനഭൂമിയായി അടയാളപ്പെടുത്തിയിരുന്നു. 1960കളില്‍ ഈ ഭൂമി എച്ച്എംടിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അതായത് ഇത് ഇപ്പോഴും നിയമപരമായി വനഭൂമിയായി കണക്കാക്കപ്പെടുന്നു.

എന്നാല്‍, സ്വകാര്യ സ്ഥലത്താണ് ചിത്രീകരണം നടക്കുന്നതെന്നും നിയമലംഘനമില്ലെന്നുമാണ് സിനിമാ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍ നല്‍കുന്ന വിശദീകരണം. യഷിനൊപ്പം നയന്‍താര, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടോക്‌സിക് അടുത്ത വര്‍ഷം ഏപ്രില്‍ 10നാണ് തിയേറ്ററുകളിലെത്തുക.