കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും സംഘടനയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആളാണ്. ബദല്‍ സംഘടന രൂപീകരിക്കാനില്ലെന്നും സാന്ദ്ര പറഞ്ഞു.
താന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗമാണ്. എന്നാല്‍ ചില അംഗങ്ങള്‍ക്ക് മാത്രമാണ് എതിര്‍പ്പ്. ഏകാധിപത്യ സ്വഭാവമാണ് ചില ആളുകള്‍ക്ക്. നിര്‍മാതാവ് ജി സുരേഷ് കുമാര്‍ കിം ജോങ് ഉന്നിനെ പോലെയാണെന്നും സാന്ദ്ര പറഞ്ഞു.
അതേസമയം, തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. മതിയായ വിശദീകരണം നല്‍കാതെയാണ് പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹര്‍ജിയില്‍ ഉന്നയിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തര്‍ക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രയെ പുറത്താക്കിയത്.