Sun. Dec 22nd, 2024

 

ഒട്ടാവ: വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന എസ്ഡിഎസ് പദ്ധതി കാനഡ പിന്‍വലിച്ചു. 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്.

എസ്ഡിഎസ് അപേക്ഷകരില്‍ വിസ ലഭിക്കാനുള്ള സാധ്യത 63% ആണ്. അല്ലാത്തവര്‍ക്ക് 19% ഉം. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു എസ്ഡിഎസ് അനുകൂല്യം ലഭിച്ചിരുന്നത്. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പില്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും കാനഡ നിര്‍ത്തി.

2018ലാണ് കാനഡ എസ്ഡിഎസ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇന്ത്യ, ചൈന, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പദ്ധതിയെ കൂടുതലും പ്രയോജനപ്പെടുത്തിയിരുന്നത്.

എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കാനാണ് പദ്ധതി നിര്‍ത്തലാക്കുന്നത് എന്നാണ് കാനഡ നല്‍കുന്ന വിശദീകരണം. നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുണ്ടായിരുന്ന നൈജീരിയ സ്റ്റുഡന്റ് എക്‌സ്പ്രസ് (എന്‍എസ്ഇ) പ്രോഗ്രാമും കാനഡ നിര്‍ത്തലാക്കിയിട്ടുണ്ട്.