Sun. Dec 22nd, 2024

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡ് (വിഡിജി) അംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ‘കശ്മീര്‍ കടുവകള്‍’ എന്ന് വിളിക്കപ്പെടുന്ന ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

രണ്ടുപേരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപ്പോയത്. മൃതദേഹങ്ങളുടെ ഫോട്ടോയും ഭീകരര്‍ പുറത്തുവിട്ടു. കണ്ണുകെട്ടിയ നിലയിലാണ് മൃതദേഹങ്ങളുള്ളത്. ഒഹ്ലി കുന്ത്വാര ഗ്രാമത്തിലെ താമസക്കാരായ നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹത്തിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നസീറും കുല്‍ദീപും കന്നുകാലികളെ മേയ്ക്കാന്‍ കാട്ടില്‍ പോയിരുന്ന സമയത്താണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ കൊലപാതകത്തെ അപലപിച്ചു.

‘വീരമൃത്യു വരിച്ച ധീരരായ പുത്രന്മാരുടെ കുടുംബങ്ങളോട് ഞാന്‍ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. എല്ലാ തീവ്രവാദ സംഘടനകളെയും നശിപ്പിക്കാനും ഈ നിഷ്ഠൂരമായ പ്രവൃത്തിക്ക് പ്രതികാരം ചെയ്യാനും ഞങ്ങള്‍ ഉറച്ചു തീരുമാനിച്ചിട്ടുണ്ട്. ‘ ലഫ്റ്റനന്റ് ഗവര്‍ണര്‍ എക്സില്‍ കുറിച്ചു.

തീവ്രവാദത്തിനെതിരെ ജമ്മു കശ്മീരിലെ വിദൂര മലയോര ഗ്രാമങ്ങളില്‍ തദ്ദേശീയരുടെ സ്വയരക്ഷക്കായി സ്ഥാപിതമായ ഒരു സേനയാണ് വില്ലേജ് ഡിഫന്‍സ് ഫോഴ്സ്. ഇതില്‍ ഗ്രാമവാസികളും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഭീകരരെ നേരിടാന്‍ വിഡിജികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.