Sun. Dec 22nd, 2024

 

ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ ഇസ്രായേല്‍ ഫുട്‌ബോള്‍ ക്ലബ് ആരാധകര്‍ ഫലസ്തീന്‍ അനുകൂലികള്‍ക്ക് നേരെ വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ഫലസ്തീന്‍ പതാക വലിച്ചുകീറുകയും ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്ക്.

ഡച്ച് ടീമായ അജാക്‌സിനെതിരായ യൂറോപ്പ ലീഗ് മത്സരം കഴിഞ്ഞ ശേഷം സ്റ്റേഡിയം വിട്ടു പുറത്തെത്തിയ ഇസ്രായേല്‍ ആരാധകര്‍ ഫലസ്തീന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ഫലസ്തീന്‍ പതാക വലിച്ചു കീറുകയുമായിരുന്നു.

മക്കാബി ടെല്‍അവീവ് ക്ലബ് ആരാധകര്‍ക്ക് വംശീയതയുടെയും ഫലസ്തീന്‍ വിരുദ്ധ പെരുമാറ്റത്തിന്റെയും നീണ്ട ചരിത്രമുണ്ട്. ഇസ്രായേലിലെ ഏറ്റവും വംശീയ സോക്കര്‍ ക്ലബ്ബ് ആയി അറിയപ്പെടുന്നതാണ് മക്കാബി ടെല്‍അവീവ് ക്ലബ്. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളില്‍ ക്ലബ് കളിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ആംസ്റ്റര്‍ഡാമില്‍ ഇസ്രായേല്‍ ക്ലബായ മക്കാബി ടെല്‍അവീവ് ഫുട്‌ബോള്‍ ടീമിന്റെ ആരാധകര്‍ ആക്രമിക്കപ്പെട്ടതായി അമേരിക്കയിലെ ഇസ്രായേല്‍ എംബസി എക്സില്‍ അറിയിച്ചു. ആംസ്റ്റര്‍ഡാമിലെ ഇസ്രായേലികളോട് അവരുടെ ഹോട്ടലുകളില്‍ തങ്ങാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

സംഘര്‍ഷത്തില്‍ പത്ത് ഇസ്രായേലികള്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സാര്‍ സ്ഥിരീകരിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശനമായും വേഗത്തിലും പ്രവര്‍ത്തിക്കാനും ഇസ്രായേലികളുടെ സമാധാനം ഉറപ്പാക്കാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡച്ച് അധികാരികളോട് അഭ്യര്‍ഥിച്ചു.