Sun. Dec 22nd, 2024

 

തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ് എന്ന പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ് രൂപീകരിച്ച സംഭവത്തില്‍ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ കൂടുതല്‍ കുരുക്കിലേക്ക്. ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിങ് നടന്നിട്ടില്ലെന്ന് പൊലീസിന്റെ അന്വേഷണത്തിന് ഗൂഗിളും മറുപടി നല്‍കി.

നേരത്തെ, മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍നിന്ന് തന്നെയാണെന്ന് വാട്‌സ്ആപ് മറുപടി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം അന്വേഷിക്കുന്ന പൊലീസിന് ഗൂഗിളിന്റേയും മറുപടി ലഭിച്ചിരിക്കുന്നത്.

പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലമാണ് പൊലീസ് ഇനി കാത്തിരിക്കുന്നത്. വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലാണ് ഫോണ്‍ പൊലീസിന് ലഭിച്ചിരുന്നത്.

ഗോപാലകൃഷ്ണനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോള്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുക്കള്‍ ആണ് ശ്രദ്ധയില്‍പെടുത്തിയതെന്നും അറിഞ്ഞയുടന്‍ ഗ്രൂപ് ഡിലീറ്റ് ചെയ്‌തെന്നുമാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.

എന്നാല്‍, വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ഷോട്ടെടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷന് ഗോപാലകൃഷ്ണന്‍ ശ്രമം നടത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

കഴിഞ്ഞ മാസം 30നാണ് ‘മല്ലു ഹിന്ദു ഓഫിസേഴ്‌സ്’ എന്ന പേരില്‍ ഗോപാലകൃഷ്ണന്‍ അഡ്മിനായി വാട്‌സ്ആപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. ഹാക്ക് ചെയ്തവര്‍ ‘മല്ലു മുസ്‌ലിം ഓഫിസേഴ്‌സ്’എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയെന്നും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി ആകെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നുമാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നേരില്‍ക്കണ്ടും ഗോപാലകൃഷ്ണന്‍ വിശദീകരണം നല്‍കിയിരുന്നു.