Fri. Nov 22nd, 2024

 

തലശ്ശേരി: കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെടി നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഈ മാസം അഞ്ചിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി പറയാന്‍ ഇന്നേക്ക് മാറ്റിവെച്ചത്.

കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണ സംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു.

സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീന്‍ ബാബുവിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. പ്രതിയുടെ ക്രിമിനല്‍ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുന്‍പ് പല കേസുകളിലും പ്രതിയാണെന്ന് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളും റിപ്പോര്‍ട്ടുണ്ട്.

ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീന്‍ ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം.