Thu. Nov 21st, 2024

 

ചെന്നൈ: സിനിമാ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത് തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. അടുത്തിടെ ചെന്നൈയില്‍ നടന്ന ടിവികെ യോഗത്തിലാണ് താരങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് വിജയ് നിര്‍ദേശിച്ചത്. രജനീകാന്തിന്റെയും അജിത്തിന്റെയും പേരുകള്‍ എടുത്തുപറയുകയും ചെയ്തിരുന്നു.

രജനീകാന്തിനും അജിത്തിനും തമിഴ്നാട്ടില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഇവരുടെ വോട്ടു ലക്ഷ്യമിട്ടാണ് വിജയ്യുടെ ഈ നിര്‍ദേശമെന്നാണ് വിലയിരുത്തല്‍. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുന്ന ടിവികെയെ സംബന്ധിച്ചിടത്തോളം എല്ലാ വോട്ടുകളും നിര്‍ണായകമാണ്.

രജനീകാന്തിന്റെയും അജിത്തിന്റെയും വിജയ്യുടെയും സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഫാന്‍സുകാര്‍ ഏറ്റുമുട്ടാറുണ്ട്. ഇത് ലഘൂകരിച്ച് അവരുടെ ആരാധകരെ ടിവികെയോട് അടുപ്പിക്കാനാണ് വിജയ്‌യുടെ ശ്രമം. ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ വിജയ് ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി.

വിജയ്‌യുടെതായി അവസാനം പുറത്തിറങ്ങിയ ഗോട്ട് എന്ന സിനിമയില്‍ അജിത്ത് ആരാധകരെ സന്തോഷപ്പെടുത്തുന്ന രംഗം ഒരുക്കിയതും അതുകൊണ്ടാണെന്നു പറയപ്പെടുന്നു. അടുത്തിടെ രജനീകാന്ത് ആശുപത്രിയിലായിരിക്കെ ആരോഗ്യവിവരം തിരക്കി ആശംസ നേര്‍ന്നിരുന്നു. വിക്രവാണ്ടിയില്‍ നടന്ന ടിവികെ പ്രഥമ സമ്മേളനത്തിന് രജനീകാന്ത് ആശംസ നേരുകയും വിജയിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.