കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്തിയത്. പുഴുവരിച്ച അരിയും മൈദയും റവയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റിലുള്ളത്.
മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ദുരന്തബാധിതരും അതിക്രമിച്ചു കയറിയത് സംഘര്‍ഷത്തിനിടയാക്കി. പുഴുവരിച്ച അരി ഉള്‍പ്പെടെ പഞ്ചായത്തിന് മുന്നിലിട്ടായിരുന്നു പ്രതിഷേധം.