Wed. Jan 22nd, 2025

 

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. തീവ്രവാദ സംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവര്‍ത്തകരായ മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (31), മധുര മീനാക്ഷി അമ്മന്‍ നഗര്‍ കെ പുതൂര്‍ സ്വദേശി ഷംസൂണ്‍ കരീംരാജ (33), മധുര പള്ളിവാസല്‍ സ്വദേശി ദാവൂദ് സുലൈമാന്‍ (27) എന്നിവരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഐപിസി 307, 324, 427, 120 ബി സ്ഫോടകവസ്തു നിയമം, പൊതുമുതല്‍ നശീകരണം തടയല്‍ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 16 ബി, 18, 20 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ കണ്ടെത്തിയിരുന്നു.

കേസില്‍ നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഇസ്രത് ജഹാനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധത്തിലാണ് 2016 ജൂണ്‍ 15 ന് കൊല്ലം കോടതിവളപ്പില്‍ ബോംബ് സ്ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

യുഎപിഎ വകുപ്പ് പ്രകാരം കുറ്റക്കാരെന്ന് തെളിഞ്ഞ കേസില്‍ പരമാവധി ശിക്ഷയായി ജീവപര്യന്തം നല്‍കണമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. ആര്‍ സേതുനാഥ് വാദിച്ചിരുന്നു. ബേസ് മൂവ്‌മെന്റ് സംഘടന അല്‍ ഖ്വയ്ദയുടെ ഭാഗമാണെന്നുള്ള ചിത്രങ്ങള്‍, കൂടുതല്‍ അക്രമങ്ങള്‍ നടക്കും എന്ന് പ്രതികളില്‍ നിന്നും പിടിച്ചെടുത്ത രേഖകളിലെ പരാമര്‍ശങ്ങള്‍ എന്നീ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, 307-ാം വകുപ്പ് പ്രകാരം മരണകാരണമായ കുറ്റകൃത്യമല്ലാത്തതിനാല്‍ പരമാവധി ശിക്ഷ നല്‍കരുതെന്നും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ഷാനവാസ് വാദിച്ചു. വലിയ തോതില്‍ നാശനഷ്ടമോ ആളുകള്‍ക്ക് അത്യാഹിതമോ ഉണ്ടായിട്ടില്ലെന്നത് പരിഗണിക്കണമെന്ന് പ്രതിഭാഗം വാദം ഉന്നയിച്ചപ്പോള്‍ അത്തരത്തില്‍ നാശനഷ്ടത്തിന്റെ തോത് വച്ച് ബോംബ് സ്‌ഫോടനം പോലുള്ള കുറ്റകൃത്യങ്ങള്‍ അളക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു.