വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായ റാഷിദ ത്ലൈബിനും ഇല്‍ഹാന്‍ ഉമറിനും ജയം. മിഷിഗണില്‍നിന്ന് നാലാം തവണയാണ് റാഷിദ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫലസ്തീന്‍ വംശജയാണ് റാഷിദ ത്ലൈബ്.
സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമര്‍ മുന്നാം തവണയാണ് യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മിനിസോട്ടയില്‍ നിന്നാണ് ഇല്‍ഹാന്‍ വിജയിച്ചത്. ഗാസയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നവരാണ് റാഷിദ ത്ലൈബും ഇല്‍ഹാന്‍ ഉമറും.
അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്തിരിക്കുകയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 267 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 224 വോട്ടുകള്‍ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് നേടാന്‍ കഴിഞ്ഞത്. യുഎസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്.