Wed. Jan 22nd, 2025

 

ടെല്‍ അവീവ്: ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാലന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നാണ് പുറത്താക്കലിന് പിന്നാലെ നെതന്യാഹു പറഞ്ഞത്.

ഗാസയുമായുള്ള യുദ്ധത്തിന്റെ പല സന്ദര്‍ഭങ്ങളിലും യോവ് ഗാലന്റുമായി നെതന്യാഹുവിന് അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഗാസയില്‍ സൈനിക നടപടികൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാവില്ലെന്നും നയതന്ത്ര നടപടി കൂടി സ്വീകരിച്ചാലേ ബന്ധികളെ മോചിപ്പിക്കാനാവൂ എന്നും ഇതിന് വിലങ്ങുതടിയാവുന്ന നടപടിയില്‍ നിന്ന് നെതന്യാഹു പിന്മാറണമെന്നും ഗാലന്റ് പറഞ്ഞിരുന്നു.

ഇതുകൂടാതെ ബന്ധികളുടെ ബന്ധുക്കളുമായും യോവ് ഗാലന്റ് നിരന്തരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ആക്രമണമവസാനിപ്പിച്ചുകൊണ്ടുള്ള ഒത്തുത്തീര്‍പ്പ് വേണ്ടെന്ന നിലപാടായിരുന്നു നെതന്യാഹു സ്വീകരിച്ചത്. ഇതാണ് യോവ് ഗാലന്റിനെ പദവിയില്‍ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത്.

പകരം നെതന്യാഹുവിന്റെ വിശ്വസ്തനും വിദേശകാര്യ മന്ത്രിയുമായ ഇസ്രായേല്‍ കാറ്റ്സിന് പ്രതിരോധമന്ത്രി സ്ഥാനം കൈമാറും. വകുപ്പില്ലാത്ത മന്ത്രിയായിരുന്ന ഗിദിയോന്‍ സാര്‍ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റെടുക്കും.

അതേസമയം, അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷയാണ് എപ്പോഴും തന്റെ ജീവിത ദൗത്യമെന്നാണ് യോവ് ഗാലന്റ് പറഞ്ഞത്.