Wed. Jan 22nd, 2025

 

ഗാസ: ഹമാസ് തലവനായിരുന്ന യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന്റെ മൂന്ന് ദിവസം മുമ്പെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇസ്രായേലി ഫോറന്‍സിക് ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഒക്ടോബര്‍ 16നാണ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെടുന്നത്. മരിക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ് വരെ അദ്ദേഹം ഒന്നും കഴിച്ചിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി ‘ഇസ്രായേല്‍ ഹായോം’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിഎന്‍എ സാമ്പിള്‍ ലഭിക്കാനായി സിന്‍വാറിന്റെ കൈവിരല്‍ മുറിച്ചതായും ഇസ്രായേലി നാഷനല്‍ ഫോറന്‍സിക് ഇന്‍സിറ്റിറ്റിയൂട്ട് ഡയറക്ടര്‍ ചെന്‍ കൂഗെല്‍ പറഞ്ഞു.

മുമ്പ് ജയിലില്‍ കഴിഞ്ഞതിനാലും മെഡിക്കല്‍ റെക്കോര്‍ഡ് ഉള്ളതിനാലും ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. വെടിയേറ്റ മണിക്കൂറുകളോളം സിന്‍വാര്‍ അതിജീവിച്ചുവെങ്കിലും പിന്നീട് വെടിയേറ്റത് മൂലമുണ്ടായ ഗുരുതരമായ മസ്തിഷ്‌ക ക്ഷതം മൂലം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗല്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്. ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്ന് പലരും ചൂണ്ടിക്കാണിച്ചു. ഗാസയില്‍ എത്തുന്ന മാനുഷിക സഹായങ്ങളും ഭക്ഷണവുമെല്ലാം നല്‍കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല.

അതേസമയം, സിന്‍വാറിന്റെ മരണശേഷം പുതിയ നേതാവിനെ ഹമാസ് ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. സിന്‍വാറിന്റെ മരണത്തോടെ ഹമാസ് നിലപാടുകളില്‍ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് ഇസ്രായേലും അമേരിക്കയും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഹമാസ് തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

നാല് തടവുകാരെ കൈമാറുന്നതിന് പകരം താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കാമെന്ന നിര്‍ദേശം ഹമാസ് നിരസിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച വ്യക്തമാക്കി. സിന്‍വാറിന്റെ മരണശേഷവും സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ആവശ്യത്തില്‍നിന്ന് ഹമാസ് പിന്‍മാറിയിട്ടില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈജിപ്താണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. നാല് തടവുകാരെ കൈമാറുന്നതിന് പകരം 48 മണിക്കൂര്‍ വെടിനിര്‍ത്തലായിരുന്നു നിര്‍ദേശത്തിലുള്ളത്. സ്ത്രീകള്‍, പ്രായമായവര്‍, രോഗബാധിതര്‍ എന്നിവരെ ആദ്യം മോചിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന് പകരമായി 100 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുകയും വേണം. തുടര്‍ന്ന് കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിനായി ഇസ്രായേലും ഹമാസും ചര്‍ച്ച തുടരണമെന്നുമായിരുന്നു നിര്‍ദേശം.

ദീര്‍ഘകാല വെടിനിര്‍ത്തല്‍ ഉറപ്പുനല്‍കിയാല്‍ മാത്രമേ താല്‍ക്കാലിക വെടിനിര്‍ത്തലിന് അംഗീകാരം നല്‍കൂവെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രായേല്‍ ഇത് വിസമ്മതിച്ചതോടെ ഈജിപ്തിന്റെ നിര്‍ദേശം വെറുതെയായി. ഗാസയിലുള്ള 101 ബന്ദികളെ മോചിപ്പിച്ചാലും യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് പറയുന്നുമുണ്ട്.

താല്‍ക്കാലിക വെടിനിര്‍ത്തലിനായി ഖത്തറും നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. 11 മുതല്‍ 14 വരെ ബന്ദികളെ വിട്ടുകൊടുക്കുന്നതിന് പകരം നിരവധി ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ഒരു മാസത്തെ വെടിനിര്‍ത്തലുമാണ് നിര്‍ദേശത്തിലുള്ളത്. എന്നാല്‍, ഈ നിര്‍ദേശവും ഹമാസ് അംഗീകരിക്കില്ലെന്നാണ് ഇസ്രായേലിലെ ചാനല്‍ 12 തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.