Sun. Dec 22nd, 2024

 

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. പത്തു ദിവസത്തിനിടെ മൂന്നാമത്തെ വധഭീഷണിയാണിത്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്റെ പേരിലാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ബിഷ്‌ണോയി സമുദായത്തിന്റെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി സല്‍മാന്‍ കലമാനെ വേട്ടയാടിയതില്‍ ക്ഷമാപണം നടത്തണമെന്നും അല്ലെങ്കില്‍ അഞ്ചു കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നും പറയുന്നു.

ബിഷ്‌ണോയി സംഘം ഇപ്പോഴും സജീവമാണെന്നും സന്ദേശം അയച്ചയാള്‍ വ്യക്തമാക്കി. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സല്‍മാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ദീഖിയുടെ മകന്‍ സീഷാനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ 20കാരന്‍ ഗഫ്റാന്‍ ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സല്‍മാന്റെ വീടിന് പൊലീസ് സുരക്ഷ വര്‍ധിപ്പിപ്പിച്ചിട്ടുണ്ട്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് സല്‍മാന് നേരത്തെയും വധഭീഷണി ലഭിച്ചിരുന്നു. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ചു കോടി രൂപയാണ് അന്ന് ആവശ്യപ്പെട്ടത്.

പണം നല്‍കിയില്ലെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജംഷഡ്പൂരില്‍ നിന്നുള്ള പച്ചക്കറി വില്‍പനക്കാരനായ ഷെയ്ഖ് ഹുസൈന്‍ എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലപ്പെട്ട ബാബ സിദ്ദീഖി സല്‍മാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. സല്‍മാന്റെ സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്‍.