Sat. Nov 23rd, 2024

 

മുംബൈ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രം പതിച്ച ടി-ഷര്‍ട്ട് ഓണ്‍ലൈനില്‍ വില്‍പനക്ക് വെച്ചതില്‍ പ്രതിഷേധം ഉയരുന്നു. പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്കാര്‍ട്ടിലും മീഷോയിലുമാണ് ടി-ഷര്‍ട്ട് വില്‍പനക്ക് വെച്ചത്.

ബിഷ്‌ണോയിയുടെ ചിത്രത്തോടൊപ്പം ഗാങ്സ്റ്റര്‍, റിയല്‍ ഹീറോ എന്നിവയും എഴുതിയിട്ടുണ്ട്. 168 രൂപ മുതലാണ് ടി-ഷര്‍ട്ടിന്റെ വില. ചെറിയ കുട്ടിയെയടക്കം മോഡലാക്കിയാണ് ടി-ഷര്‍ട്ട് വില്‍പനക്കുള്ളത്. ഇതോടെയാണ് പലരും പ്രതിഷേധവുമായി രംഗത്തുവന്നത്.

ഇന്ത്യയുടെ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ പുതിയ ട്രെന്‍ഡാണ് ഇതെന്ന് മാധ്യമപ്രവര്‍ത്തകനായ അലിഷാന്‍ ജഫ്രി കുറ്റപ്പെടുത്തി. ‘മീഷോ, ടീഷോപ്പര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ ഗുണ്ടാ ഉത്പന്നങ്ങള്‍ വില്‍ക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ ഒരു ഉദാഹരണം മാത്രമാണ്. ഈ ടീ-ഷര്‍ട്ടുകള്‍ പ്രധാനമായും കുട്ടികളെ ലക്ഷ്യം വെച്ചാണ് വില്‍ക്കുന്നത്. ഇത് വളരെ ആശങ്കാജനകമാണ്. യുവാക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പൊലീസും എന്‍.ഐ.എയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവര്‍ ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിച്ചും വേഗത്തില്‍ പണം സമ്പാദിക്കുന്നു,’ ജാഫ്രി പറഞ്ഞു.

ഇതിന് പിന്നാലെ നിരവധി പേര്‍ ഇത്തരം വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തുവന്നു. കുറ്റവാളിയെ മഹത്വപ്പെടുത്തുന്ന ഉല്‍പ്പനങ്ങള്‍ വില്‍ക്കരുതെന്നും ഇവ നീക്കം ചെയ്യണമെന്നും പലരും ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ടി-ഷര്‍ട്ട് മീഷോ പിന്‍വലിച്ചു.

70ഓളം ക്രിമിനല്‍ കേസിലെ പ്രതിയാണ് ലോറന്‍സ് ബിഷ്‌ണോയ്. ഈയിടെ നടന്ന മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയുടെ മരണത്തിന് പിന്നിലും ബിഷ്‌ണോയ് സംഘമായിരുന്നു. 2015 മുതല്‍ ജയിലില്‍ കഴിയുകയാണെങ്കിലും തന്റെ സംഘത്തെ ഇയാള്‍ ഇപ്പോഴും നിയന്ത്രിക്കുന്നുണ്ടെന്നാണ് വിവരം. ലോകമെമ്പാടുമായി 700ലധികം ഷൂട്ടര്‍മാരാണ് ബിഷ്‌ണോയ് സംഘത്തിലുള്ളത്.