Sun. Dec 22nd, 2024

 

തിരുവനന്തപുരം: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാനാകൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നും ശുപാര്‍ശയുണ്ട്.

രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്ത് നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം.

65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു ദിവസം വാഹനങ്ങളില്‍ 100 കിലോമീറ്ററിലധികം ദൂരം ആനകളെ കൊണ്ടുപോകാന്‍ പാടില്ല. പുഷ്പവൃഷ്ടി, തലപ്പൊക്ക മത്സരം, വണങ്ങല്‍ എന്നിവ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് ആന എഴുന്നള്ളത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. വിഷയം വളരെ സെന്‍സിറ്റീവാണെന്നും ധൃതിപിടിച്ച് ഒരു തീരുമാനത്തിലേക്ക് പോകരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

എഴുന്നള്ളത്തിന് കൃത്യമായ മാര്‍ഗരേഖ കൊണ്ടുവരാനാണ് ഹൈക്കോടതി ഉദ്ദേശിക്കുന്നത്. ആനകള്‍ക്ക് മേലുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാണ് കോടതിയുടെ നിലപാട്. വിഷയത്തില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരേയും കേള്‍ക്കണമെന്ന വാദമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.