Wed. Jan 22nd, 2025

 

ഒട്ടാവ: കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്റെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിന് നേരെയാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമണമുണ്ടായത്. ഭക്തര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ജൂണ്‍ 18ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റര്‍ അക്രമികള്‍ ക്ഷേത്രത്തിന്റെ പ്രധാനവാതിലില്‍ ഒട്ടിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ ചിത്രവും പോസ്റ്ററിലുണ്ട്.

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് ലക്ഷ്മി നാരായണ്‍ മന്ദിര്‍. കാനഡയില്‍ ഇക്കൊല്ലം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ക്ഷേത്രമാണിത്. ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റേത് എന്ന് കരുതുന്ന ദൃശ്യങ്ങളും വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരുസംഘം യുവാക്കള്‍ വടികളുമായി ഭക്തര്‍ക്കു നേരെ ഓടിയടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തെ അപലപിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിനെതിരായി നടന്ന ആക്രമണം തികച്ചും അസ്വീകാര്യമാണെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയിലിവര്‍ പറഞ്ഞു.