Wed. Jan 22nd, 2025

 

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഉപതിരഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓണ്‍ലൈന്‍ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാനും വഖഫ് ബോര്‍ഡ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുക്കും.

നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലാകും ചര്‍ച്ച. കോടതിയില്‍ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം, പ്രശ്‌നപരിഹാരത്തിന് സര്‍വകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ചു വിഡി സതീശന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

അതേസമയം, മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. വിഷയത്തില്‍ സംഘപരിവാര്‍ മുതലെടുപ്പ് നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തെ താമസക്കാര്‍ക്കൊപ്പം ആണെന്നും മന്ത്രി വ്യക്തമാക്കി.

‘പണം കൊടുത്ത് ഭൂമി വാങ്ങിയവരെ കുടിയിറക്കില്ല. വഖഫ് നിയമത്തെ എതിര്‍ക്കാന്‍ ചിലര്‍ സാഹചര്യം മുതലെടുക്കുന്നു. സര്ക്കാരിന് മുന്നില്‍ പ്രതിസന്ധികളില്ല. വഖഫ് നിയമത്തില്‍ തന്നെ പ്രശ്‌നപരിഹാരത്തിന് വകുപ്പുണ്ട്. മന്ത്രി വഖഫ് നിയമത്തെ ദൂര്‍ബലപ്പെടുത്തുന്നുവെന്ന് ലീഗ് പറഞ്ഞു. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ലീഗ് ബിജെപിക്കൊപ്പം നില്‍ക്കുകയാണെന്നും’ അബ്ദുറഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.