Sat. Dec 21st, 2024

കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ നിലയിലാണ് കണ്ടെത്തിയത്. ജോധ്പൂർ സ്വദേശിനിയായ അനിത ചൗധരിയാണ് (50) കൊല്ലപ്പെട്ടത്. ബുധനാഴ്ച അനിതയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പോലീസിൽ പരാതി നൽകി.പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആറുകഷ്ണങ്ങളാക്കിയ നിലയിൽ മൃതശരീരം കണ്ടെത്തിയത്.

കൊലപാതകത്തിന് പിന്നിൽ ഇവരുടെ പഴയ കുടുംബസുഹൃത്താണെന്ന് പോലീസ് വ്യക്തമാക്കുന്നു. അനിതയുടെ മൊബൈൽഫോൺ ലൊക്കേഷനും കോൾ വിവരങ്ങളും പരിശോധിച്ചതിൽ നിന്നും ഇവരുടെ സമീപത്തുതന്നെ താമസിക്കുന്ന ഗുൽ മൊഹമ്മദ് എന്ന വ്യക്തിയിലേക്ക് പോലീസ് എത്തി. ഗുൽ മൊഹമ്മദും അനിതയും സുഹൃത്തുക്കളായിരുന്നു. ഇയാളെ അനിത സ്വന്തം സഹോദരനെപ്പോലെ ആയിരുന്നു കണ്ടിരുന്നത്. ഗുൽ മൊഹമ്മദിന്റെ ഭാര്യയെ ചോദ്യം ചെയ്തതിൽനിന്ന് അനിതയെ വീടിനുപിന്നിൽ കുഴിച്ചിട്ട കാര്യം പുറത്തായത്.

ആറുകഷ്ണങ്ങളാക്കിയ സ്ത്രീയുടെ മൃതശരീരം പോലീസ് ഇവരുടെ വീടിനുപുറകിൽ നിന്നും കുഴിച്ചെടുത്തു. കൂടുതൽ പരിശോധനകൾക്കായി ശരീരഭാഗങ്ങൾ എയിംസ് ആശുപത്രിയിലേക്ക് അയച്ചു. ഗുൽ മൊഹമ്മദ് ഒളിവിലാണ്. ഇയാളുടെ ഭാര്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.