Mon. Dec 23rd, 2024

 

ന്യൂഡല്‍ഹി: തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരാണ് വിക്കിപീഡിയ നിയന്ത്രിക്കുന്നതെന്നും സംഭാവന നല്‍കുന്നത് നിര്‍ത്തണമെന്നും എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. എക്‌സിലൂടെയാണ് വിക്കിപീഡിയയ്‌ക്കെതിരെ മസ്‌ക് രംഗത്തെത്തിയത്.

യുഎസ് ആസ്ഥാനമായുള്ള വാര്‍ത്താ വെബ്സൈറ്റ് പൈറേറ്റ് വയര്‍സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയുള്ള ഷോണ്‍ മഗ്വിയര്‍ എന്നയാളുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മസ്‌ക് വിക്കിപ്പീഡിയയ്‌ക്കെതിരെ രംഗത്തുവന്നത്. ’40 ഓളം വിക്കിപീഡിയ എഡിറ്റര്‍മാരുടെ നേതൃത്വത്തിലുള്ള ഒരു ഏകോപിത കാംപയ്ന്‍ ഇസ്രായേലിനെ നിയമവിരുദ്ധമാക്കാനും തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ അനുകൂല വെളിച്ചത്തില്‍ അവതരിപ്പിക്കാനും പ്രവര്‍ത്തിച്ചു’, എന്നാണ് പൈറേറ്റ് വയര്‍സിന്റെ റിപ്പോര്‍ട്ടിലെ ആരോപണം.

ഇത് ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്റെ പോസ്റ്റ്. ഇടതുപക്ഷ ആഖ്യാനങ്ങള്‍ നല്‍കുന്നു എന്നാരോപിച്ച് മസ്‌ക് വിക്കിപീഡിയയ്‌ക്കെതിരെ രംഗത്തുവരുന്നത് ആദ്യമായല്ല. കഴിഞ്ഞ വര്‍ഷം, മസ്‌കിനെയും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെയും വിക്കിപീഡിയ പരിഹസിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശരിയായ വിവരങ്ങള്‍ക്ക് എക്സ് വിശ്വസനീയമായ ഉറവിടമല്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ വിമര്‍ശനം.

പൂര്‍ണമായും സൗജന്യമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ആളുകളില്‍ നിന്ന് വിക്കിപീഡിയ സംഭാവന തേടാറുണ്ട്. 2001 ജനുവരി 15ന് ജിമ്മി വെയില്‍സ്, ലാറി സാങര്‍ എന്നിവരാണ് വിക്കിപീഡിയ സ്ഥാപിച്ചത്. വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നത്.

വിക്കിപീഡിയന്‍സ് എന്നറിയപ്പെടുന്ന വോളണ്ടിയര്‍മാരാണ് വിക്കിപീഡിയിയിലെ ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നത്. ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടെ 300ലധികം ഭാഷകളില്‍ വിക്കിപീഡിയ ഉള്ളടക്കങ്ങള്‍ ലഭ്യമാണ്. ഇംഗ്ലീഷ് വിക്കിപീഡിയയയില്‍ മാത്രം 69 ലക്ഷത്തിലധികം ലേഖനങ്ങളുണ്ട്. വിക്കിപീഡിയയുടെ എല്ലാ എഡിഷനുകളിലുമായി ആറ് കോടിയിലധികം ലേഖനങ്ങളാണുള്ളത്.