ചെന്നൈ: കേന്ദ്രമന്ത്രി ഹിന്ദിയില്‍ അയച്ച കത്തിന് തമിഴില്‍ മറുപടി നല്‍കി ഡിഎംകെ നേതാവ്. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു ഡിഎംകെ രാജ്യസഭാ എംപി പുതുക്കോട്ടൈ എംഎം അബ്ദുല്ലയ്ക്കയച്ച കത്തിനാണ് അദ്ദേഹം സ്വന്തം ഭാഷയായ തമിഴില്‍ മറുപടി നല്‍കിയത്. ഹിന്ദിയിലുള്ള കത്തിലെ ഒന്നും മനസിലായില്ലെന്നാണ് എംപിയുടെ മറുപടി.
ഈ മാസം 21നാണ് മന്ത്രി ഡിഎംകെ എംപിക്ക് കത്തയച്ചത്. തീവണ്ടികളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് അബ്ദുല്ല ഉന്നയിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര റെയില്‍വേ, ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയായ ബിട്ടു അബ്ദുല്ലയ്ക്ക് കത്തയച്ചത്.
ഇതിനുള്ള എംപിയുടെ കത്തിലെ വരികള്‍ ഇങ്ങനെ, ‘വണക്കം, നിങ്ങളയച്ച കത്ത് കിട്ടി. എനിക്ക് ഹിന്ദി അറിയില്ല. അതുകൊണ്ടു തന്നെ അതിലെന്താണ് എഴുതിയിരിക്കുന്നതെന്നും മനസിലായില്ല. അതിനാല്‍ അടുത്ത തവണ കത്തയയ്ക്കുമ്പോള്‍ ഇംഗ്ലീഷില്‍ അയയ്ക്കുക’.
തനിക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര സഹമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിരവധി തവണ ഓര്‍മപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശയവിനിമയങ്ങള്‍ ഇപ്പോഴും അതേ ഭാഷയിലാണ് അയയ്ക്കുന്നതെന്ന് രണ്ട് കത്തിന്റെയും പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അബ്ദുല്ല തമിഴില്‍ കുറിച്ചു.
”മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള കത്ത് എപ്പോഴും ഹിന്ദിയിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ച് ‘എനിക്ക് ഹിന്ദി അറിയില്ല, ദയവായി കത്ത് ഇംഗ്ലീഷില്‍ അയയ്ക്കുക’ എന്ന് പറഞ്ഞിട്ടും വീണ്ടും കത്ത് ഹിന്ദിയില്‍ വരുന്നു. അതോടെ ഞാന്‍ അദ്ദേഹത്തിന് ‘മനസിലാകാന്‍’ ഒരു മറുപടി അയച്ചു. ഇനി മുതല്‍ അവര്‍ മനസിലാക്കി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു”, എക്‌സില്‍ പോസ്റ്റില്‍ പറയുന്നു.