കേപ് കനാവറൽ: 8 മാസം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിക്ഷേപിച്ച ബഹിരാകാശ പേടകം ലക്ഷ്യം പൂർത്തിയാക്കി തിരികെ ഭൂമിയിലെത്തി.
സ്പേസ് എക്സ് പേടകത്തിലെത്തിലെത്തിയ ഇവർ ഫ്ലോറിഡ തീരത്തിനുസമീപം പാരച്യൂട്ടിൽ ഇറങ്ങി. യുഎസ് സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരെറ്റ്, ജനെറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർ ഗ്രിബെൻകിൻ എന്നിവരാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. ഇവരിൽ ഒരാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹിരാകാശ സഞ്ചാരിയുടെ പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായ കാരണവും നാസ വെളിപ്പെടുത്താൻ തയാറായില്ല.
3 അമേരിക്കക്കാരും ഒരു റഷ്യക്കാരനുമടങ്ങുന്ന സംഘം 2 മാസം മുൻപ് എത്തേണ്ടതായിരുന്നെങ്കിലും ഇവരെ മടക്കിക്കൊണ്ടുവരേണ്ട ബോയിങ് സ്റ്റാർലൈനറിലെ തകരാറു മൂലം ദൗത്യം വൈകി. മിൽട്ടൻ ചുഴലിക്കാറ്റും തടസ്സപ്പെടുത്തി. ഇന്ത്യൻ വംശജയായ സുനിത വില്യംസ് അടക്കം 4 പേർകൂടി നിലയത്തിലുണ്ട്. ഇവർ വരുന്ന ഫെബ്രുവരിയോടെ മടങ്ങിയെത്തും.