Sat. Oct 26th, 2024

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി സർക്കാർ. നവംബര്‍ അഞ്ച് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി മുന്‍ഗണന വിഭാഗത്തിലെ 16 ശതമാനത്തോളം വരുന്ന അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്.

വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കും. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ, നിലവിൽ മസ്റ്ററിംഗ് നടത്തി വരികയാണ്. ഈ പ്രവർത്തി നവംബർ 5 വരെ തുടരും. മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങിന്റെ സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ നിരവധി പേരുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടി നല്‍കിയത്. നിലവില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മസ്റ്ററിങ് ഈ മാസം അവസാനത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് റേഷൻ വിഹിതം ലഭിക്കില്ല എന്നതായിരുന്നു കേന്ദ്രസർക്കാരിൻ്റെ താക്കീത്. എന്നാൽ മസ്റ്ററിംഗ് ചെയ്യുന്നതിന് സാവകാശം തേടി സംസ്ഥാന സർക്കാർ രണ്ടുമാസം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഈ കത്തിന് കേന്ദ്രസർക്കാർ നിലവിൽ മറുപടി നൽകിയിട്ടില്ല. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിങിനുള്ള അവസരം ഉണ്ടാകും. മസ്റ്ററിങ് 100 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.