Mon. Dec 23rd, 2024

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കളക്ടർ പങ്കെടുക്കുന്ന വികസന സമിതി യോഗത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

എഡിഎമ്മിൻ്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ വളരെ സംയമനത്തോടെ നേരിട്ട കളക്ടർ പ്രമേയ വിഷയം അംഗീകരിക്കുന്നതായി പ്രതിപക്ഷത്തെ അറിയിച്ചു. അജണ്ട പ്രകാരമുള്ള നടപടികൾക്ക് ശേഷം ചർച്ചയാവാം എന്നും അന്വേഷണത്തോട് ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം മറുപടി നൽകി. നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഘട്ടത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് അരുണ്‍ കെ വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. നവീന്‍ ബാബുവിൻ്റെ മരണം വലിയ നഷ്ടമാണ്. കത്തില്‍ ഉണ്ടായിരുന്നത് തൻ്റെ മനോവിഷമമാണ്. അതിപ്പോഴും തുടരുന്നു. പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പ്രതികരിച്ചാല്‍ അന്വേഷണത്തെ ബാധിക്കും. സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും ഒപ്പം നില്‍ക്കുമെന്നും കളക്ടര്‍ പ്രതികരിച്ചു.