Sat. Oct 26th, 2024

തിരുവനന്തപുരം: ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്നും വിവാദത്തിന് പിന്നിൽ ആൻ്റണി രാജു ആയിരിക്കാമെന്നും എൻസിപി എംഎൽഎ തോമസ്‌ കെ തോമസ് . രണ്ട് ഇടത് എംഎൽഎമാരെ എൻസിപി അജിത്‌ പവാർ പക്ഷത്തേക്ക് കൂറുമാറ്റാൻ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന ആരോപണവും അദ്ദേഹം നിഷേധിക്കുന്നു.

മുഖ്യമന്ത്രി തന്നോട് ചോദിച്ചിരുന്നു എന്ന കാര്യം തോമസ് കെ തോമസ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാര്യങ്ങളും അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അജിത് പവാറുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ തോമസ് അറിയിച്ചു.

ജനാധിപത്യ കേരള കോൺഗ്രസിന്റെ ആൻ്റണി രാജുവിനും കോവൂർ കുഞ്ഞുമോനുമാണ് കൂറുമാറാൻ തോമസ്‌ പണം വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. എൻസിപി ആവശ്യപ്പെട്ടിട്ടും എൻസിപി മന്ത്രിമാറ്റം മുഖ്യമന്ത്രി ഇടപെട്ട് വെട്ടിയതോടെയാണ് ഈ കോഴ ആരോപണം വെളിച്ചത്ത് വന്നത്. 50 കോടി കോഴ വാഗ്ദാനം ഉണ്ടോ എന്ന് പിണറായി അന്വേഷിച്ചപ്പോൾ ആന്റണി രാജു ഇത് സ്ഥിരീകരിച്ചു. എന്നാൽ കോവൂർ കുഞ്ഞുമോൻ നിഷേധിച്ചു.

എൻസിപി ആവശ്യപ്പെട്ടിട്ടും തോമസിന് മന്ത്രിസ്ഥാനം നൽകാതിരിക്കാൻ കാരണമായത് ഈ നീക്കമാണ് എന്ന കാര്യം മുഖ്യമന്ത്രി സിപിഎം സെക്രട്ടേറിയറ്റിനെ അറിയിച്ചു. എ കെ ശശീന്ദ്രനെ മാറ്റി തോമസ്‌ കെ തോമസിനെ മന്ത്രിയാക്കുന്ന കാര്യത്തിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് വൻ തിരിച്ചടിയാണ് ലഭിച്ചത്. തോമസിനെയും കൂട്ടി മുഖ്യമന്ത്രിയെ കണ്ടെങ്കിലും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചില്ല. കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. മന്ത്രിസഭയിൽ നിന്നും ശശീന്ദ്രനെ പിൻവലിച്ച് മുഖ്യമന്ത്രിക്ക് തിരിച്ചടി നൽകാൻ പാർട്ടിയിൽ ആലോചന വന്നെങ്കിലും ഈ നീക്കത്തിൽ ശശീന്ദ്രൻ വിഭാഗം എതിർപ്പ് രേഖപ്പെടുത്തിയതോടെ അതിനും കഴിയാത്ത അവസ്ഥയിലാണ് ചാക്കോ.