Sun. Dec 22nd, 2024

സാക്ഷിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്

ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിതാ താരമാണ് സാക്ഷി മാലിക്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗുസ്തി താരമായ സാക്ഷി മാലിക്കിന്റെ ഓര്‍മക്കുറിപ്പുകളാണ് ‘വിറ്റ്നസ്’. മാധ്യമപ്രവര്‍ത്തകന്‍ ജോനാഥന്‍ സെല്‍വരാജുമായി സഹകരിച്ച് എഴുതിയ ഈ പുസ്തകത്തില്‍, ഒരു ചാമ്പ്യന്‍ ഗുസ്തിതാരം എന്ന നിലയിലുള്ള സാക്ഷിയുടെ ജീവിതവും കരിയറും നേരിട്ട പോരാട്ടങ്ങളും സ്വന്തമാക്കിയ വിജയങ്ങളുമെല്ലാം രേഖപ്പെടുത്തുന്നുണ്ട്.

കുട്ടിക്കാലത്ത് അധ്യാപകനില്‍നിന്ന് നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്.

ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് സാക്ഷി മാലിക്ക് എന്ന ചാമ്പ്യന്റെ യാത്ര ആരംഭിക്കുന്നത്. തന്റെ വഴികളെക്കുറിച്ചുള്ള അരക്ഷിതത്വവും ഉറപ്പില്ലായ്മയുമായിരുന്നു സാക്ഷിക്ക് ആദ്യം അനുഭവിക്കേണ്ടി വന്നത്. സാമൂഹിക സമ്മര്‍ദ്ദങ്ങളും സ്ത്രീകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും ആത്യന്തികമായി സ്വയം ശാക്തീകരിക്കുന്ന ഒരു കായിക വിനോദമായി ഗുസ്തിയെ സാക്ഷി സ്വീകരിച്ചു. സംശയങ്ങള്‍ക്ക് അതീതമായി ഉയരാനും അവളുടെ പാതഏതെന്ന് ഉറപ്പിക്കാനും ഗുസ്തി സാക്ഷി മാലിക്കിനെ ശക്തിപ്പെടുത്തി.

സാക്ഷിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. താന്‍ നേരിട്ട വെല്ലുവിളികള്‍, മത്സരങ്ങള്‍ക്ക് മുമ്പ് നേരിട്ട ഭയം ഉത്കണ്ഠ എന്നിവയെ കുറിച്ചെല്ലാം സാക്ഷി പുസത്കത്തില്‍ തുറന്നു പറയുന്നുണ്ട്.

സാക്ഷി മാലിക് Screengrab, Copyright: The Hindu

സങ്കീര്‍ണമായ ബന്ധങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് സാക്ഷി പുസത്കത്തില്‍ പറയുന്നുണ്ട്. കുടുംബം നല്‍കുന്ന പിന്തുണയെക്കുറിച്ച്, സാമ്പത്തിക നേട്ടങ്ങള്‍ എങ്ങനെ ജീവിതത്തെ മാറ്റുമെന്നതിനെക്കുറിച്ച്, നന്ദിയും അത്യാഗ്രഹത്തിനുള്ള സാധ്യതയും തമ്മിലുള്ള പിരിമുറുക്കത്തെക്കുറിച്ചുമെല്ലാം സാക്ഷി പറയുന്നുണ്ട്.

കായിക രംഗത്തെ വ്യവസ്ഥാപരമായ പ്രശ്‌നങ്ങള്‍ക്കെതിരായ സാക്ഷി മാലിക്കിന്റെ പോരാട്ടത്തെ ഈ ഓര്‍മ്മക്കുറിപ്പ് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. മാറ്റത്തിനായി അവള്‍ നിലകൊണ്ടത്, ഒരു ഗുസ്തിക്കാരി എന്ന നിലയിലുള്ള അവളുടെ നിലനില്‍പ്പിനു വേണ്ടി മാത്രമായിരുന്നില്ല, സമാനമായ പോരാട്ടങ്ങളെ അഭിമുഖീകരിച്ച കായികരംഗത്തെ നിരവധി സ്ത്രീകള്‍ക്ക് വേണ്ടിക്കൂടിയായിരുന്നു. ‘വിറ്റ്നസി’ ല്‍ ഒരു ഗുസ്തിതാരത്തിന്റെ കരിയറും ജീവിതവും പ്രതിപാദിക്കുന്നതിനൊപ്പം തന്നെ സാമൂഹിക വിഷയങ്ങളെ കുറിച്ചും സാക്ഷി പറയുന്നുണ്ട്.

ചെറുപ്പത്തില്‍ തന്നെ ഒരു ട്യൂഷന്‍ ടീച്ചര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും എന്നാല്‍ താന്‍ മൗനം പാലിച്ചുവെന്നും സാക്ഷി മാലിക് പുസ്തകത്തില്‍ പറയുന്നു. മത്സരശേഷം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കുറിച്ചും പുസ്തകത്തില്‍ സാക്ഷി തുറന്നുപറയുന്നുണ്ട്.

‘കുട്ടിക്കാലത്ത് എനിക് അക്കാര്യങ്ങള്‍ കുടുംബത്തോട് പറയാന്‍ സാധിക്കുമായിരുന്നില്ല. അത് എന്റെ തെറ്റായാണ് ഞാന്‍ കരുതിയത്. എന്റെ സ്‌കൂള്‍ കാലത്തെ ട്യൂഷന്‍ ടീച്ചര്‍ എന്നെ ശല്യപ്പെടുത്താറുണ്ടായിരുന്നു. പലപ്പോഴും ക്ലാസുകള്‍ക്കായി അയാളുടെ സ്ഥലത്തേക്ക് വിളിപ്പിക്കും. ചിലപ്പോള്‍ എന്നെ തൊടാന്‍ ശ്രമിക്കുകയും ചെയ്യും. അതോടെ ട്യൂഷന്‍ ക്ലാസുകള്‍ക്ക് പോകാന്‍ ഭയമായിരുന്നു. പക്ഷേ എനിക്ക് ഒരിക്കലും അമ്മയോട് പറയാന്‍ കഴിഞ്ഞില്ല’., അവര്‍ ഓര്‍മക്കുറിപ്പില്‍ പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ 19 വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് സാക്ഷി പുസ്തകത്തില്‍ പറയുന്നു. 2012ല്‍ കസാഖസ്താനിലെ അല്‍മാട്ടിയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സാക്ഷി സ്വര്‍ണം നേടിയതിന് ശേഷമായിരുന്നു ഇത്. മാതാപിതാക്കളോട് സംസാരിക്കാനെന്ന വ്യാജേനയാണ് ബ്രിജ് ഭൂഷന്റെ മുറിയിലേക്ക് കൊണ്ടുപോയതെന്നും സാക്ഷി പുസ്തകത്തില്‍ ആരോപിക്കുന്നു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് Screengrab, Copyright: The Hindu

”ബ്രിജ് ഭൂഷണ്‍ എന്റെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു. അപ്പോള്‍ അതില്‍ പ്രശ്‌നം തോന്നിയില്ല. എന്റെ മത്സരത്തെക്കുറിച്ചും മെഡലിനെക്കുറിച്ചും അവരോട് സംസാരിക്കുമ്പോള്‍ അനിഷ്ടകരമായ ഒന്നും സംഭവിച്ചേക്കില്ല എന്നാണ് ചിന്തിച്ചത്. എന്നാല്‍ ഞാന്‍ കോള്‍ അവസാനിപ്പിച്ചതിന് പിന്നാലെ, കട്ടിലില്‍ ഇരിക്കുമ്പോള്‍ അയാള്‍ എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ അവനെ തള്ളിമാറ്റി കരയാന്‍ തുടങ്ങി,’ പുസ്തകത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അതോടെ ബ്രിജ് ഭൂഷണ്‍ പിന്തിരിഞ്ഞുവെന്നും സാക്ഷി പറയുന്നു. ‘അയാളുടെ ആഗ്രഹത്തിന് എന്നെ ലഭിക്കില്ലെന്ന് അയാള്‍ മനസ്സിലാക്കിയതായി ഞാന്‍ കരുതുന്നു. ഞാന്‍ നിന്റെ അച്ഛനെപ്പോലെയാണ് എന്ന് പറഞ്ഞുകൊണ്ട് തോളത്തുകൂടി കൈയിട്ട് അദ്ദേഹം ചേര്‍ത്തുപിടിച്ചു. പക്ഷെ അത് അങ്ങനെയല്ലെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ കരഞ്ഞുകൊണ്ട് അയാളുടെ മുറിയില്‍ നിന്ന് എന്റെ മുറിയിലേക്ക് ഓടി.’, സാക്ഷി പുസ്തകത്തില്‍ എഴുതി.

ഈ പുസ്തകം ഒരു കായിക ജീവചരിത്രം എന്ന നിലയില്‍ മാത്രമല്ല, സ്വത്വം, പ്രതിരോധം, നീതിക്കായുള്ള അന്വേഷണം എന്നിവ കൂടിയാണ്. സാക്ഷിയെ ഒരു ചാമ്പ്യന്‍ ഗുസ്തിക്കാരിയായി മാത്രമല്ല, ഏറെ സങ്കീര്‍ണതകള്‍ അനുഭവിച്ച ഒരു വ്യക്തിയായും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. അവളുടെ ജീവിതത്തിന്റെ സങ്കീര്‍ണതകളെ സത്യസന്ധതയോടെയും ധൈര്യത്തോടെയുമാണ് ‘വിറ്റ്നസ്’ വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്നത്.

ആരാണ് സാക്ഷി മാലിക്

1992 സെപ്തംബര്‍ 3 ന് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ മൊഖ്ര ഗ്രാമത്തിലാണ് സാക്ഷി മാലിക് ജനിച്ചത്. ഒരു ഗുസ്തിക്കാരന്‍ കൂടിയായ മുത്തച്ഛന്‍ സുബിര്‍ മാലിക്കാണ് കായികരംഗത്തേക്ക് പ്രവേശിക്കാന്‍ സാക്ഷി മാലിക്കിന് പ്രചോദനമായാത്. 12-ാം വയസ്സില്‍, ഈശ്വര്‍ ദാഹിയയുടെ കീഴില്‍ പരിശീലനം ആരംഭിച്ച സാക്ഷി മാലിക് അഞ്ച് വര്‍ഷത്തിന് ശേഷം, 2009 ലെ ഏഷ്യന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ വെള്ളി മെഡലോടെ വിജയത്തിന്റെ ആദ്യ രുചിയറിഞ്ഞു. തുടര്‍ന്ന് 2010 ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി.

2013 ലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, അടുത്ത വര്‍ഷം ഗ്ലാസ്ഗോയില്‍ നടന്ന തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുകയും 58 കിലോഗ്രാം ഫൈനലില്‍ നൈജീരിയയുടെ അമിനത് അദേനിയിയെ തോല്‍പ്പിച്ച് വെള്ളി മെഡല്‍ നേടുകയും ചെയ്തു. പിന്നീട് 62 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലത്തോടെ 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ രണ്ടാമത്തെയും അവസാനത്തെയും മെഡല്‍ അവര്‍ നേടി.

സാക്ഷി മാലിക് Screengrab, Copyright: BBC

2016 റിയോ ഒള്മ്പിക്‌സില്‍ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ വെങ്കലം നേടി. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ്. കിര്‍ഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവ ആയിരുന്നു എതിരാളി. റഷ്യയുടെ വലേറിയ കോബലോവയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ സാക്ഷി പരാജയപ്പെട്ടിരുന്നു. പിന്നീട് വലേറിയ ഫൈനലിലേക്ക് മുന്നേറിയപ്പോഴാണ് സാക്ഷിയ്ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചത്.

ഗോദയില്‍ നിന്നും ജന്തര്‍മന്തറിലേയ്ക്ക്

’40 ദിവസം ഞങ്ങള്‍ റോഡിലാണ് ഉറങ്ങിയത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഞങ്ങള്‍ക്കു പിന്തുണ നല്‍കി. ബ്രിജ് ഭൂഷണിന്റെ ബിസിനസ് പങ്കാളിയും അടുത്ത അനുയായിയുമായ ആള്‍ റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ആയ സാഹചര്യത്തില്‍ ഞാന്‍ ഗുസ്തി ഉപേക്ഷിക്കുകയാണ്. ഈ രാജ്യത്ത് നീതി എവിടെനിന്ന് ലഭിക്കുമെന്ന് അറിയില്ല,’ പൊട്ടിക്കരഞ്ഞു കൊണ്ട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സാക്ഷി പറഞ്ഞു. നീല നിറത്തിലുള്ള തന്റെ ബൂട്ടുകള്‍ മേശയില്‍ വയ്ക്കുമ്പോള്‍ കരച്ചില്‍ അടയ്ക്കാനാവാതെ അവര്‍ വിതുമ്പി.

ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരേ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള പരാതികളുമായാണ് സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവര്‍ തെരുവിലിറങ്ങിയത്. 2012 മുതല്‍ 2022 വരെ വ്യത്യസ്ത സംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ഉള്‍പ്പെടെ ബ്രിജ് ഭൂഷന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പെടെ ഏഴുപേര്‍ ബ്രിജ് ഭൂഷണെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ഇതോടെ ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തെരുവിലെത്തി.

2023 ജനുവരി 18നാണ് ആദ്യ സമരം ആരംഭിച്ചത്. മൂന്നുദിവസം നീണ്ട സമരത്തിനൊടുവില്‍ അന്നത്തെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടന്ന ചര്‍ച്ചയില്‍, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണിനെ നീക്കം ചെയ്യുമെന്ന് ഉറപ്പുകിട്ടിയതോടെ സമരം അവസാനിപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താത്തതിനെ തുടര്‍ന്ന് എപ്രില്‍ 24ന് ജന്തര്‍മന്തിറില്‍ ഗുസ്തി താരങ്ങള്‍ സമരം പുനരാരംഭിച്ചു.

ഗുസ്തി താരങ്ങളുടെ സമരത്തില്‍ സാക്ഷി മാലിക് Screengrab, Copyright: BBC

ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനില്‍നിന്നും പരിശീലകരില്‍ നിന്നും നേരിടുന്ന മാനസിക-ശാരീരിക ചൂഷണങ്ങളെക്കുറിച്ച് അധികാര സ്ഥാപനങ്ങളിലെല്ലാം ഗുസ്തി താരങ്ങള്‍ പരാതിപ്പെട്ടിട്ടും ആദ്യഘട്ടത്തില്‍ ആരും ഇടപെട്ടില്ല.

12 വര്‍ഷത്തോളം ദേശീയ ഗുസ്തി ഫെഡറേഷന്‍ അടക്കി ഭരിക്കുകയും ലൈംഗികാരോപണം നേരിടുകയും ചെയ്ത ബ്രിജ് ബുഷനെയും അനുയായികളെയും ഫെഡറേഷനില്‍ നിന്ന് പുറത്താക്കുക എന്നതായിരുന്നു ഗുസ്തി താരങ്ങള്‍ ആദ്യം മുതല്‍ക്കേ ഉന്നയിച്ച ആവശ്യം. എന്നാല്‍, മാസങ്ങള്‍ക്കിപ്പുറം ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന്റെ വിശ്വസ്തനും ബിസ്സിനസ്സ് പങ്കാളിയുമായ സഞ്ജയ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സാക്ഷി മാലിക് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി.

ഇതിന് പിന്നാലെ ഗുസ്തി താരം ബജ് രംഗ് പൂനിയ പ്രധാനമന്ത്രിയുടെ വാസതിക്ക് മുന്നിലെ നടപ്പാതയില്‍ തന്റെ പദ്മശ്രീ പുരസ്‌കാരം വെക്കുകയും താനിത് തിരിച്ചു നല്‍കുകയാണെന്ന് പ്രഖ്യപിക്കുകയും ചെയ്തു. താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങും പത്മശ്രീ തിരികെ നല്‍കുമെന്ന് അറിയിച്ചു. വിനേഷിന് ലഭിച്ച ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ എന്നിവ താരം തിരിച്ചു നല്‍കി.

ഒട്ടേറെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും കര്‍ഷകത്തൊഴിലാളി സംഘടനകളും ഹരിയാന ഗ്രാമങ്ങളില്‍ നിന്നുള്ള ഖാപ് പഞ്ചായത്ത് അംഗങ്ങളും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജന്തര്‍ മന്തറിലെത്തി. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസവും ഗുസ്തി താരങ്ങളുടെ പ്രതിഷേധമുണ്ടായി. മാര്‍ച്ച് നടത്തിയ താരങ്ങളെ പോലീസ് തടഞ്ഞു. അന്ന് ഡല്‍ഹി പോലീസ് തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന വിനേഷ് അടക്കമുള്ള താരങ്ങളുടെ ചിത്രം ആരും മറക്കാനിടയില്ല. പിന്നാലെ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാന്‍വരെ താരങ്ങള്‍ ഒരുങ്ങിയെങ്കിലും ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ അനുനയിപ്പിക്കുകയായിരുന്നു.

ഗുസ്തിതാരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനുപകരം നടപടികള്‍ വൈകിപ്പിച്ച് സംഭവത്തെ നിസ്സാരവത്കരിക്കാനാണ് ഭരണകൂടവും പോലീസും ഒരുപോലെ ശ്രമിച്ചത്. ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ച ശേഷമാണ് ബ്രിജ് ഭൂഷണെനെതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകുന്നത്. രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ഒന്ന് പോക്‌സോ നിയമപ്രകാരമുള്ളതാണ്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചില്ല.

ലൈംഗികാരോപണത്തിന് വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ കുടുംബത്തെയും അടുത്ത സഹായികളെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ബ്രിജ് ഭൂഷണിന്റെ മകനും ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ കരണ്‍ ഭൂഷണ്‍ സിങ്ങിന് കൈസര്‍ഗഞ്ജില്‍നിന്ന് മത്സരിക്കാന്‍ ബിജെപി സീറ്റ് കൊടുത്തു.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. ഒരു സ്ത്രീ ആയിരുന്നു പ്രസിഡന്റ് എങ്കില്‍ താരങ്ങള്‍ ചൂഷണം നേരിടേണ്ടി വരില്ലായിരുന്നുവെന്ന് സാക്ഷി മാലിക് പറഞ്ഞിരുന്നു. ‘രാജ്യത്തെ കായികമേഖലയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിവരുന്ന പോരാട്ടം വിഫലമായിരിക്കുന്നു. ഞങ്ങള്‍ തോറ്റു, ഞങ്ങളെ ചേര്‍ത്തുപിടിച്ചവര്‍ക്ക് നന്ദി’ ഇന്ത്യയുടെ അഭിമാന താരം സാക്ഷി മാലിക് ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ രാജ്യം തലകുനിച്ചാണ് ഇതെല്ലം കേട്ടത്.

കഴിഞ്ഞ ദിവസം ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ചില പ്രസ്താവനകള്‍ സാക്ഷി മാലിക് നടത്തിയിരുന്നു. ഡല്‍ഹി ജന്തര്‍ മന്തറില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന് പിന്നില്‍ഫുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗാട്ടിന് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സാക്ഷി മാലിക് ആരോപിച്ചത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സാക്ഷി ഇക്കാര്യം പറഞ്ഞത്.

ബബിത ഫോഗട്ട്

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ പുറത്താക്കി ഗുസ്തി ഫെഡറേഷന്റെ തലപ്പത്തെത്താനായിരുന്നു ബബിത ഫോഗാട്ടിന്റെ നീക്കമെന്നും സാക്ഷി മാലിക് പറയുന്നു. ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച് സമരം നടത്താന്‍ തങ്ങളെ ആദ്യം സമീപിച്ചത് ബബിത ഫോഗാട്ടാണ്. അതിനുപിന്നില്‍ അവര്‍ക്ക് രഹസ്യ അജണ്ടകളുണ്ടയിരുന്നുവെന്നും സാക്ഷി ആരോപിച്ചു. ‘കോണ്‍ഗ്രസാണ് തങ്ങളുടെ സമരത്തിന് പിന്നിലെന്നായിരുന്നു അഭ്യൂഹങ്ങള്‍, എന്നാല്‍ പ്രതിഷേധിക്കാനുള്ള അനുവാദം നേടിത്തന്നത് ബബിത, ടിരാത് റാണ എന്നീ രണ്ട് ബിജെപി നേതാക്കളാണ്’ സാക്ഷി മാലിക് പറഞ്ഞു.

പ്രതിഷേധത്തെ പൂര്‍ണമായും ബബിത ഫോഗാട്ട് സ്വാധീനിച്ചിട്ടില്ലെങ്കിലും അവരുടെ നിര്‍ദ്ദേശപ്രകാരമാണ് സമരപരിപാടികള്‍ ആരംഭിച്ചതെന്നാണ് സാക്ഷി ചൂണ്ടിക്കാട്ടുന്നത്. ‘ഫെഡറേഷനില്‍ ലൈംഗികാതിക്രമം, പീഡനം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഒരു സ്ത്രീ ചുമതലയേറ്റാല്‍, പ്രത്യേകിച്ച് കായികതാരം കൂടിയായ ബബിത ഫോഗട്ടിനെപ്പോലുള്ള ഒരാളാണെങ്കില്‍ അത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ പോരാട്ടം അവര്‍ മനസ്സിലാക്കുമെന്ന് കരുതിയിരുന്നു. പക്ഷേ ഞങ്ങളെ മുന്‍ നിര്‍ത്തി ഒരുവലിയ കളി കളിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല’ സാക്ഷി മാലിക് പറഞ്ഞു.

തന്റെ തുറന്നുപറച്ചിലുകള്‍ കൊണ്ടും നേട്ടങ്ങള്‍ കൊണ്ടും പോരാട്ട വീര്യം കൊണ്ടും ഏറെ ഉന്നതിയിലുള്ള സാക്ഷി മാലിക്കിന്റെ ഓര്‍മകുറിപ്പുകള്‍ പൊതു സമൂഹത്തിന് മുമ്പില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ചാമ്പ്യന്‍ എന്ന നിലയിലും ഏറെ സങ്കീര്‍ണതകള്‍ അനുഭവിച്ച ഒരു വ്യക്തിയെന്ന നിലയിലും സാക്ഷിയെ അടയാളപ്പെടുത്തുന്ന ‘വിറ്റ്‌നസ്’ ഇന്ത്യയിലെ സാമൂഹികാന്തരീക്ഷത്തെ കുറിച്ചുള്ള ‘സാക്ഷി’ പറയല്‍ കൂടിയാകും.