Sun. Dec 22nd, 2024

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി. ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. കേസിൽ ഇടക്കാല ജാമ്യം തുടരും.

പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ദിഖിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഇതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ വാദിച്ചു. കേസിൽ നേരത്തേ ജഡ്ജിമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് സിദ്ദീഖിന് താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയായിരുന്നു ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചിരുന്നു.

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചശേഷം സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കേസിൽ പ്രധാനമായ ഇലക്ട്രോണിക് തെളിവുകൾ മനഃപൂർവം നശിപ്പിച്ചു. ഇവ കണ്ടെടുക്കണമെങ്കിൽ സിദ്ദിഖിനെ കസ്റ്റഡിയിൽ ലഭിക്കണമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.