Sat. Apr 5th, 2025

ന്യൂഡൽഹി: സൽമാൻഖാൻ്റെ സുഹൃത്തും രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന ബാബാ സിദ്ദീഖിയുടെ വധത്തിന് പിന്നാലെ സൽമാൻ ഖാൻ തന്റെ സുരക്ഷ കുത്തനെ ഉയർത്തി. ലോറൻസ് ബിഷ്‌ണോയി സംഘമാണ് ബാബാ സിദ്ദീഖിയുടെ കൊലയ്ക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. പുതിയ വധ ഭീഷണികൾ ഉയർന്നതിന് പിന്നാലെയാണ് സൽമാൻ നിലവിലുള്ള സുരക്ഷ കൂടുതൽ ഉയർത്തിയത്.

ബാബാ സിദ്ദീഖിയേക്കാൾ മോശമായിരിക്കും സൽമാൻ്റെ അവസ്ഥയെന്നും ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ച് കോടി നൽകണമെന്നുമുള്ള ഭീഷണികളും അടുത്തിടെ ഉയർന്നിരുന്നു. സുരക്ഷ ഉയർത്തുന്നതിന്റെ ഭാഗമായി നിസ്സാൻ പട്രോൾ വിഭാഗത്തിലെ അതി സുരക്ഷാ ബുള്ളറ്റ് പ്രൂഫ് വാഹനം സൽമാൻ സ്വന്തമാക്കി. ഇന്ത്യൻ മാർക്കറ്റുകളിൽ ലഭ്യമല്ലാത്ത വാഹനം ദുബൈയിൽ നിന്നാണ് എത്തുക. സ്‌ഫോടന മുന്നറിയിപ്പുകളും അടുത്തു നിന്നും വെടിവെച്ചാൽ പോലും പ്രതിരോധിക്കുന്ന ഗ്ലാസുകളും വാഹനത്തിനുണ്ട്. ഉൾവശത്തിരിക്കുന്നവരെ തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള ഗ്ലാസുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.