Thu. Dec 26th, 2024

 

സന: അറബിക്കടലിലും ആക്രമണം കടുപ്പിച്ച് ഹൂതികള്‍. ഇസ്രായേലിലേക്ക് ചരക്കുമായി പുറപ്പെട്ട കപ്പല്‍ ഹൂതികള്‍ ആക്രമിച്ചു. ആക്രമണ ഭീതി നിലനില്‍ക്കെ ചെങ്കടല്‍ വഴിയുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കെയാണ് അറബിക്കടലിലേക്കും ഹൂതികള്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നത്.

ഹൂതി സൈനിക വക്താവ് യഹ്യ സാരീ ആണ് പുതിയ ആക്രമണ വിവരം പുറത്തുവിട്ടത്. മാള്‍ട്ടയുടെ പതാക വഹിക്കുന്ന മെഗാലോപോളിസ് എന്ന പേരിലുള്ള കപ്പലിനുനേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.

ഇസ്രായേല്‍ തുറമുഖങ്ങളിലേക്ക് ചരക്കുമായി പോകുന്ന കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ലംഘിച്ചതാണ് ആക്രമണത്തിന് കാരണമായി ഹൂതി വക്താവ് വിശദീകരിച്ചത്. ഗാസയിലും ലെബനാനിലും ആക്രമണം തുടരുന്ന കാലത്തോളം ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്നും യഹ്യ സാരീ മുന്നറിയിപ്പ് നല്‍കി.

ഒമാനിലെ സലാലാ തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിക്കുന്നതിനിടെയാണ് മെഗാലോപോളിസ് കപ്പലിനു നേരെ ആക്രമണം നടന്നതെന്നാണ് ഫിനാന്‍ഷ്യന്‍ ഡാറ്റ വിവരദാതാക്കളായ ‘എല്‍എസ്ഇജി’ പറയുന്നത്. അതിനിടെ, പടിഞ്ഞാറന്‍ യമനില്‍ ബ്രിട്ടീഷ്-യുഎസ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.

അല്‍ഹുദൈദ പ്രവിശ്യയിലെ റഅസ് ഇസയിലാണ് ആക്രമണം നടന്നതെന്ന് ഹൂതി ചാനലായ ‘അല്‍മസീറ ടിവി’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സംഭവത്തില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരവെ കഴിഞ്ഞ നവംബറിലാണ് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂതികള്‍ ‘ചെങ്കടല്‍ യുദ്ധം’ പ്രഖ്യാപിച്ചത്. ചെങ്കടല്‍ വഴി ഇസ്രായേലിലേക്ക് ചരക്കുമായി പോകുന്ന കപ്പലുകള്‍ ആക്രമിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനുശേഷം ഇതുവരെയായി 100ഓളം കപ്പലുകള്‍ ആക്രമിക്കപ്പെട്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നത്.

രണ്ട് കപ്പലുകള്‍ കടലില്‍ മുക്കുകയും ഒരു കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നാല് കപ്പല്‍ നാവികരെ കൊല്ലുകയും ചെയ്തിട്ടുണ്ട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണു പ്രധാനമായും ആക്രമണം നടക്കുന്നത്. സ്‌ഫോടക വസ്തു നിറച്ച ബോട്ടുകള്‍ കപ്പലുകള്‍ക്കു നേരെ അയച്ചും ആക്രമണം നടന്നിരുന്നു.

ഹൂതി ഭീഷണിയെ തുടര്‍ന്ന് നിരവധി കപ്പലുകള്‍ ഇസ്രായേലിലേക്കുള്ള ചരക്കുഗതാഗതം നിര്‍ത്തിവച്ചിരുന്നു. മിക്ക കപ്പലുകളും ആഫ്രിക്കയിലൂടെ ദീര്‍ഘദൂരം കറങ്ങിത്തിരിങ്ങാണ് ഇപ്പോള്‍ യാത്ര തുടരുന്നത്. ഇതുമൂലം ശതകോടികളുടെ നഷ്ടമാണ് മേഖലയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഹൂതികളുമായി സഹകരണമുള്ള ചൈനീസ്-റഷ്യന്‍ കപ്പലുകള്‍ ചെങ്കടല്‍ വഴി ഗതാഗതം തുടരുന്നുണ്ട്.