Sat. Oct 19th, 2024

 

ടെല്‍അവീവ്: ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ മരണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ആക്രമണം. ടെല്‍അവീവിനും ഹൈഫയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടന്നത്.

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേല്‍ മാധ്യമമായ ‘ജറൂസലം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെയാണ് ഹിസ്ബുള്ളയുടെ അസാധാരണ നീക്കം. ലെബനാനില്‍ നിന്നെത്തിയ ഡ്രോണുകളാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് എത്തിയത്.

ആക്രമണം നടക്കുമ്പോള്‍ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന വിശദീകരണവും ഇസ്രായേലിന്റെ ഭാഗത്തുനിന്ന് വരുന്നുണ്ട്.

ലെബനാനില്‍നിന്ന് മൂന്ന് മിസൈലുകള്‍ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു കെട്ടിടത്തില്‍ പതിച്ചതായി സൈന്യം പറയുന്നു. ബാക്കി രണ്ടെണ്ണം തകര്‍ത്തതായും അവകാശപ്പെടുന്നുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ സീസറിയയില്‍ വന്‍ സ്ഫോടനമുണ്ടായതായും ഐഡിഎഫ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

സീസറിയയില്‍ ഉഗ്രസ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി ഇസ്രായേല്‍ പൊലീസും അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് പൊലീസ് സംഘം എത്തിയിട്ടുണ്ട്. ഇവിടെ പരിശോധന പുരോഗമിക്കുകയാണ്. നെതന്യാഹുവിന്റെ വസതി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന ഇവിടെ ആക്രമണത്തിനു മുന്‍പ് അപായ സൈറണുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സീസറിയയില്‍ നെതന്യാഹുവിന്റെ വസതിയുടെ പരിസരത്ത് നിരവധി ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.

ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ടെല്‍അവീവിന്റെ വിവിധ ഭാഗങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങിയതായി ഐഡിഎഫ് പറയുന്നു. വടക്കന്‍ ഇസ്രായേല്‍ നഗരങ്ങളിലും പതിവുപോലെ ഹിസ്ബുള്ള വ്യോമാക്രമണം തുടരുന്നുണ്ട്. തിബെര്യാസ്, ഹൈഫ, ഗലീലി തീരനഗരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അപായസൈറണുകള്‍ മുഴങ്ങിയിരുന്നു.