Sat. Oct 19th, 2024

 

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ ബോംബ് ഭീഷണി നേരിട്ടത് മൂന്ന് വിമാനങ്ങള്‍ക്ക്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികള്‍ യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ കുഴപ്പിക്കുകയാണ്. ശനിയാഴ്ച രാവിലെ ജയ്പൂര്‍-ദുബൈ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി. രാവിലെ 6.10 ന് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45 നാണ് വിമാനം ദുബൈയിലേക്ക് പുറപ്പെട്ടത്.

വെളളിയാഴ്ച വൈകീട്ട് ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിന് ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് ഭീഷണിയെത്തിയത്. ഇത് വിമാന സര്‍വീസിനെ സാരമായി ബാധിച്ചു. തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തി. ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്കുള്ള വിസ്താര വിമാനം ഫ്രാങ്ക്ഫുര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു. വിശദ പരിശോധനകള്‍ക്ക് ശേഷം വിമാനം ലണ്ടനിലേക്ക് യാത്ര തിരിച്ചു.

സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍, കുറഞ്ഞത് 35 വിമാനങ്ങള്‍ക്കെങ്കിലും ഇത്തരത്തില്‍ വ്യാജ ഭീഷണികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിലെ ‘ഭീഷണികള്‍ക്ക്’ പിന്നില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരും തമാശക്ക് ചെയ്യുന്നവരും ആണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കിയത്.

അന്താരാഷ്ട്ര റൂട്ടുകളിലേതുള്‍പ്പെടെ നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതിന് 17കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്ന തന്റെ സുഹൃത്തുക്കളില്‍ ഒരാളെ കള്ളക്കേസില്‍ കുടുക്കാന്‍ കൗമാരക്കാരന്‍ ഒപ്പിച്ച പണിയാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

അതേസമയം, ഭാവിയില്‍ ഇത്തരം വ്യാജ ബോംബ് സന്ദേശങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്നും കേന്ദ്ര മന്ത്രി നായിഡു വ്യക്തമാക്കി.