Sat. Jan 18th, 2025

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്തേക്കും.

പി പി ദിവ്യയുടെ ഭീഷണിയും നിടുവാലൂരിലെ ടി വി പ്രശാന്തുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുമാണ് കെ നവീൻ ബാബുവിൻ്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നവീൻ ബാബുവിൻ്റെ സഹോദരൻ കെ പ്രവീൺ ബാബു പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പ്രവീൺ ബാബു ഡിഐജിക്കും സിറ്റി പോലീസ് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൻ്റെ ഭാ​ഗമായി ആത്മഹത്യ ചെയ്ത നവീൻ ബാബുവിൻ്റെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം പത്തനംതിട്ടയിലെത്തും. ഇന്നാണ് നവീൻ ബാബുവിന്റെ സംസ്കാരച്ചടങ്ങ്. അതിനുശേഷമാകും ബന്ധുക്കളിൽനിന്ന് മൊഴി രേഖപ്പെടുത്തുക. ഭാര്യയുടെയും സഹോദരന്റെയും വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ എഡിഎമ്മിൻ്റെ ഓഫീസിലെ ജീവനക്കാരുടെയും ഡ്രൈവർ ഷംസുദ്ദീൻ ഉൾപ്പെടെയുള്ളരുടെ മൊഴിയും രേഖപ്പെടുത്തും. ദിവ്യ വിമർശനം ഉന്നയിച്ച യാത്രയയപ്പ് യോഗത്തിൽ സന്നിഹിതനായിരുന്ന കളക്ടറുടെയും മൊഴി എടുക്കേണ്ടിവരും. ദിവ്യയ്ക്കെതിരേ കേസെടുക്കുന്നതിന് മുന്നോടിയാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ. കേസെടുക്കാൻ വൈകുന്നതിൽ ബന്ധുക്കൾ പ്രതിഷേധം അറിയിച്ചിരുന്നു.