Sat. Jan 18th, 2025

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. ഇവിടത്തെ എല്ലാ നിയമങ്ങളും പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. തൻ്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ബൈജു പറഞ്ഞു. വാഹനത്തിന് 65 കിലോമീറ്റർ സ്പീഡിലായിരുന്നു വന്നിരുന്നത്. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോൾ ടയർ പഞ്ചറായി. തിരിക്കാൻ നോക്കിയപ്പോൾ വാഹനം തിരിഞ്ഞില്ല. ഇതാണ് അപകടത്തിനിടയാക്കിയത്.

അപകടമുണ്ടായപ്പോൾ തന്നെ ബൈക്കുകാരനെ ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബൈക്കുകാരൻ പോകണ്ട എന്ന് പറഞ്ഞുവെന്ന് ബൈജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വിശദീകരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിൽ വെച്ച് ബൈജു ഓടിച്ച കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിൽ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടനുനേരെ വ്യാപകമായ സൈബർ ആക്രമണമാണ് നടന്നത്. ബൈജുവിൻ്റെ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചും പല രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു.