Wed. Dec 18th, 2024

ബംഗളുരു: ബംഗളുരുവിൽ 97 കോടി രൂപയുടെ ഓഹരി വിപണി തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് മാനേജര്‍, മൂന്ന് സെയില്‍സ് എക്‌സിക്യുട്ടിവുമാർ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പേരെ ബംഗളൂരു പോലീസ് അറസ്റ്റു ചെയ്തു.

വെസ്റ്റ് ബംഗളൂരുവിലെ ആക്‌സിസ് ബാങ്കിന്റെ നഗരഭാവി ബ്രാഞ്ചിലെ മാനേജരായ കിഷോര്‍ സാഹു, സെയില്‍സ് എക്‌സിക്യുട്ടിവുമാരായ മനോഹര്‍, കാര്‍ത്തിക്, രാകേഷ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട 254 കേസുകള്‍ രാജ്യത്തെ വിവിധ ഇടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സൈബര്‍ ക്രൈം പോലീസ് കണ്ടെത്തിയതായി ബംഗളൂരു പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ബാങ്ക് ജീവനക്കാര്‍ തുറന്ന ആറ് ബാങ്ക് അക്കൗണ്ടുകളിലൂടെ 97 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഓഹരി നിക്ഷേപത്തിലൂടെ വലിയ തുക തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പണം സമാഹരിച്ചത്.

ഇപ്പോൾ അറസ്റ്റിലായവരെ കൂടാതെ ലക്ഷ്മികാന്ത, രഘുരാജ്, കെങ്കെഗൗഡ, മാള സിപി എന്നിവരെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ‘‘സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരുമായി ആക്‌സിസ് ബാങ്ക് പൂര്‍ണമായും സഹകരിച്ച് വരികയാണ്,’’ ആക്‌സിസ് ബാങ്ക് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 254 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് ഒമ്പത് പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ചിലര്‍ വിദേശത്തേക്ക് കടന്നുകളഞ്ഞതായും സംശയിക്കുന്നു.