Sat. Jan 18th, 2025

തിരുവനന്തപുരം: കേരളം ഒന്നടങ്കം നടുങ്ങിയ പാറശ്ശാല ഷാരോൺ രാജ് വധക്കേസിന്‍റെ വിചാരണ ഇന്ന് തുടങ്ങും. കൊലപാതകം നടന്ന് രണ്ടു വർഷമാകുമ്പോഴാണ് വിചാരണ തുടങ്ങുന്നത്.

നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. കേസിൽ 131 സാക്ഷികളെയാണ് വിചാരണ ചെയ്യുന്നത്. സുഹൃത്തായ ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്നാണ് പോലീസ് കുറ്റപത്രം. ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരുടെ സഹായത്തോടെ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശ്ശാല പോലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 142 സാക്ഷികളാണുള്ളത്. കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി ഈയിടെ തള്ളിയിരുന്നു. കുറ്റപത്രം തള്ളണമെന്നായിരുന്നു ഹർജിയിൽ ഗ്രീഷ്മയുടെ പ്രധാന ആവശ്യം.