Wed. Dec 18th, 2024

 

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍. പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

‘വളരെ ദുഖകരമായ സംഭവമാണ്. റവന്യൂ വകുപ്പിന് വലിയ നഷ്ടമാണ്. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിനെതിരെ റവന്യൂ വകുപ്പിനകത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ല. ഗൗരവമായ അന്വേഷണം ഉണ്ടാകും. കളക്ടര്‍ റിപ്പോര്‍ട്ട് ഏറ്റവും വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെടും.

മറ്റു വിശദാംശങ്ങളിലേക്ക് കടക്കാനുദ്ദേശിക്കുന്നില്ല. ജനപ്രതിനിധികള്‍ ആരാണെങ്കിലും പൊതുസമൂഹത്തിനകത്ത് ഇടപെടലിലും ചലനങ്ങളിലും സംസാരിത്തിലുമൊക്കെ പക്വതയും ധാരണയുമുണ്ടാക്കണം. റവന്യൂ വകുപ്പിനകത്ത് നിന്ന് അദ്ദേഹത്തിനെതിരെ പരാതിയുണ്ടായിട്ടില്ല. എന്റെ വ്യക്തിപരമായ ധാരണയതാണ്.’, മന്ത്രി പറഞ്ഞു.

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിന്‍ന്റെ ക്വാട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതിയാരോപണനത്തിന് പിന്നാലെയാണ് മരണം.

കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ എഡിഎം വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പിപി ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.