Wed. Oct 16th, 2024

 

കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡിഫ്തീരിയയ്ക്കെതിരേ വാക്സിന്‍ ലഭ്യമായിരുന്നെങ്കിലും ചികിത്സയില്‍ നിര്‍ണായകമായ ഡിഫ്തീരിയ ആന്റി ടോക്സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപകമായ മരണം ഉണ്ടായതെന്നാണ് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2023ലും സമാനമായ രീതിയില്‍ പാകിസ്താനില്‍ ഡിഫ്തീരിയ വ്യാപിച്ചിരുന്നു. 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 52 മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഡിഫ്തീരിയ ആന്റി ടോക്സിന്‍ എന്നത് ഡിഫ്തീരിയ ചികിത്സയില്‍ നിര്‍ണയകമാണ് മരുന്നാണ്. എന്നാല്‍ സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളില്‍ ഇത് ലഭ്യമല്ല. ഒപ്പം പാക് കറന്‍സി രണ്ടരലക്ഷം വരെയുള്ള ചികിത്സാ തുകയും പ്രതിസന്ധി ഗുരുതരമാക്കി.

ശ്വസനേന്ദ്രിയ വ്യൂഹത്തേയും ചര്‍മത്തേയും ബാധിക്കുന്ന ബാക്ടീരിയ ബാധയാണ് ഡിഫ്തീരിയ. രോഗം ഹൃദയത്തേയും നാഡികളേയും ബാധിക്കും. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാനാവുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കാണ് രോഗബാധയ്ക്കുള്ള അതീവസാധ്യത. രാജ്യത്ത് വാക്സിന്റെ ലഭ്യത കുറഞ്ഞതില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.