Sat. Jan 18th, 2025

 

തിരുവനന്തപുരം: അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും വീണയെ കേന്ദ്രം സംരക്ഷിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്ത സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാസപ്പടിക്കേസില്‍ പ്രളയം പോലെ തെളിവുണ്ടായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ നടപടിയും നീക്കങ്ങളും വീണാ വിജയനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കണ്ടിരുന്നെങ്കില്‍ ഇഡി അന്വേഷണം ഏര്‍പ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്ന വസ്തുതകളെ അടിസ്ഥാനമാക്കി ഒരു വിധി പറഞ്ഞിരുന്നുവെങ്കില്‍ അത് ഒരു പക്ഷെ എക്സാലോജിക്കിനും മുഖ്യമന്ത്രിയുടെ മകള്‍ക്കും തല്‍ഫലമായി മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാകുമായിരുന്ന ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്.

പ്രളയം പോലെ തെളിവുകളുള്ള കേസില്‍ കേന്ദ്രം ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് ആരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്.