Wed. Oct 16th, 2024

 

മഡ്രിഡ്: 20 വര്‍ഷം നീണ്ട ഗവേഷണത്തിന് ശേഷം സ്‌പെയിനിലെ സെവില്ലെ കത്തീഡ്രലില്‍ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടം ക്രിസ്റ്റഫര്‍ കൊളംബസിന്റെതാണെന്ന് സ്ഥിരീകരിച്ചു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളെ കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇറ്റാലിയന്‍ നാവികനാണ് കൊളംബസ്.

1506ല്‍ മരണപ്പെട്ട കൊളംബസിനെ ചുറ്റിപ്പറ്റിയുള്ള 500 വര്‍ഷം പഴക്കമുള്ള നിഗൂഢതയാണ് ഡിഎന്‍എ പരിശോധനയിലൂടെ ചുരുളഴിഞ്ഞത്. കൊളംബസിന്റെ ഡിഎന്‍എയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡിഎന്‍എയും തമ്മില്‍ ഫോറന്‍സിക് സയന്‍സ് വിദഗ്ധന്‍ താരതമ്യം ചെയ്യുകയും പരിശോധിച്ചപ്പോള്‍ ഡിഎന്‍എ സാംപിളുകള്‍ തമ്മില്‍ വളരെയധികം സാമ്യം കണ്ടെത്തി.

‘പലതവണ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതിനാല്‍ കൊളംബസിന്റെ അന്ത്യവിശ്രമസ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് അത് സാധ്യമായിരിക്കുന്നു. സെവില്ലെ കത്തീഡ്രലില്‍ കണ്ടെത്തിയ അവിശിഷ്ടങ്ങള്‍ കൊളംബസിന്റെതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നു’, അന്വേഷണത്തിന് നേതൃത്വം വഹിച്ച ഫോറന്‍സിക് സയന്റിസ്റ്റ് മിഗ്വായേല്‍ ലോറന്റെ പറഞ്ഞു.

സെവില്ലെയിലെ ശവകുടീരം കൊളംബസിന്റെ വിശ്രമസ്ഥലമായി സൈദ്ധാന്തികര്‍ക്കിടയില്‍ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ 2003 ല്‍ ലോറന്റെക്കും ചരിത്രകാരനായ മാര്‍ഷ്യല്‍ കാസ്ട്രോയ്ക്കും മാത്രമേ അത് തുറന്ന് തിരിച്ചറിയാനാകാത്ത അസ്ഥികള്‍ പര്യവേക്ഷണം ചെയ്യാന്‍ കഴിഞ്ഞുള്ളൂ.

കൊളംബസിന്റെ സഹോദരന്‍ ഡീഗോ, മകന്‍ ഹെര്‍ണാണ്ടോ എന്നിവരുടെ ഡിഎന്‍എകളാണ് പരിശോധനക്കായി ശേഖരിച്ചത്. അക്കാലത്ത്, ചെറിയ ജനിതക വസ്തുക്കളില്‍ നിന്ന് കൃത്യമായ ഫലങ്ങള്‍ നല്‍കാന്‍ ഡിഎന്‍എ വിശകലനം വേണ്ടത്ര പുരോഗമിച്ചിരുന്നില്ല.

സെവില്ലെ കത്തീഡ്രലില്‍ അടക്കം ചെയ്യപ്പെട്ട കൊളംബസിന്റെ സഹോദരന്‍ ഡീഗോയുടെയും മകന്‍ ഹെര്‍ണാണ്ടോയുടെയും ഡിഎന്‍എ ഉപയോഗിച്ച് ഗവേഷകര്‍ക്ക് കാലക്രമേണ ശക്തമായ സാമ്യം കണ്ടെത്താന്‍ കഴിഞ്ഞു.