കവരൈപേട്ടൈ ട്രെയിൻ അപകടത്തിൽ എൻഐഎ അന്വേഷണം. അപകടത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നതിനാണ് അന്വേഷണം നടത്തുക. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം റെയിൽവേ ആരംഭിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുഡ്‌സ് ട്രെയിനിൻ്റെ 2 പാഴ്സൽ വാൻ തീപിടിക്കുകയും 13 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. അപകടത്തിൽ 19 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ നാലുപേർക്ക് സാരമായ പരിക്കുണ്ട്. ലൂപ്പ് ലൈനിലൂടെ വരാൻ ഭാഗമതി എക്സ്പ്രസിന് ഗ്രീൻ സിഗ്നൽ ലഭിച്ചോ ഇല്ലയോ എന്ന് റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ദക്ഷിണ റെയിൽവേ സേഫ്റ്റി കമ്മീഷണർ ഇ എം ചൗധരി അപകട സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വേർപെട്ട് പോയ ബോഗികൾ വൈകിട്ടോടെ ട്രാക്കിൽ നിന്ന് മാറ്റാനാകുമെന്ന് ടിഎൻഡിആർഎഫ് യൂണിറ്റ് ഇൻസ്‌പെക്ടർ പറഞ്ഞു. സിഗ്നലിംഗ് സംവിധാനത്തിൽ ഉണ്ടായ പിഴവാണോ അതോ പൈലറ്റിൻ്റെ അശ്രദ്ധ ആണോ അപകടകാരണം എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. സിഗ്നൽ നൽകിയത് പോലെ മെയിൻ ലൈനിലേക്ക് തിരിയുന്നതിന് പകരം ദർഭാങ്ക ഭാഗ്മതി എക്സ്പ്രസ് ലൂപ്പ് ലൈനിലേക്ക് മാറുകയും അവിടെ ഉണ്ടായിരിക്കുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയും ചെയ്യുകയായിരിക്കുന്നു.