കൽപ്പറ്റ: തിരുവോണം ബംപറിൽ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കഴിഞ്ഞ തവണ തമിഴ്‌നാട്ടിൽ നിന്ന് എത്തിയ നാൽവർ സംഘത്തിനായിരുന്നു ബംപർ അടിച്ചത്. കഴിഞ്ഞ മാസം ബത്തേരിയിൽ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അൽത്താഫ് പറഞ്ഞു. ‘ദൈവം കാത്തെന്നായിരുന്നു അൽത്താഫിൻ്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും’ അൽത്താഫ് പറഞ്ഞു. കർണാടകയിൽ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അൽത്താഫ്. കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ലോട്ടറി എടുക്കുന്നയാളാണ് അൽത്താഫ് എന്ന് ബന്ധുവായ മലയാളി പറഞ്ഞു.
വയനാട് സുൽത്താൻ ബത്തേരിയിലെ എൻജിആർ ലോട്ടറീസാണ് സമ്മാനാർഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്ജി ലക്കി സെന്ററാണ് എൻജിആറിന് ടിക്കറ്റ് നൽകിയത്. എ എം ജിനീഷ് ആണ് എസ്ജി ലക്കി സെന്റർ ഏജന്റ്. ഡബ്ല്യൂ402 ആയിരുന്നു ഏജൻസി നമ്പർ. സമ്മാനാർഹൻ ആരെന്നറിയില്ലെന്ന് ജിനീഷ് പ്രതികരിച്ചിരുന്നു. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്റാണെന്നും ബമ്പറിൻ്റെ ഒന്നാംസമ്മാനം ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.