Fri. Nov 15th, 2024

തിരുവനന്തപുരം: പി വി അൻവർ എംഎൽഎയ്ക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നാണ് സ്പീക്കർ അൻവറിനെ അറിയിച്ചു. അൻവറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.

പ്രതിപക്ഷ നിരയിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിന് സമീപം സീറ്റ് അനുവദിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അൻവറിന് പുതിയ സീറ്റ് അനുവദിച്ച് ലെജിസ്ളേറ്റിവ് സെക്രട്ടേറിയേറ്റ് തീരുമാനം എടുത്തത്. ഭരണ പക്ഷ പ്രതിപക്ഷ ബ്ളോക്കുകൾക്ക് ഇടയിൽ പ്രത്യേക ബ്ളോക്കായിട്ടാണ് അൻവറിന് സീറ്റ് ലഭിച്ചിരിക്കുന്നത്. ബി5-10 എന്നതാണ് അൻവറിൻെറ പുതിയ സീറ്റ് നമ്പർ. പുതിയ ഇരിപ്പിടം അനുവദിച്ചത് അറിയിച്ച് നിയമസഭാ സെക്രട്ടറി എൻ കൃഷ്ണകുമാർ അൻവറിന് കത്തും നൽകി.

വൈകുന്നേരം ഗവർണറെ കണ്ടിറങ്ങിയ ശേഷം പ്രതിപക്ഷ നിരയിൽ സീറ്റ് നൽകിയതിന് എതിരെ പി വി അൻവർ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ‘ഞാൻ എവിടെ ഇരിക്കണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. സ്പീക്കർ കൂര കെട്ടി തരേണ്ടതൊന്നുമില്ല’, ഇതായിരുന്നു പ്രതിപക്ഷ നിരയിൽ സീറ്റ് അനുവദിച്ചതിന് എതിരെ അൻവർ നടത്തിയ പ്രതികരണം. എന്തായാലും അൻവറിൻെറ രൂക്ഷമായ പ്രതികരണം ഫലം കണ്ടുവെന്നാണ് നിയമസഭാ സെക്രട്ടേറിയേറ്റിൻെറ തീരുമാനത്തിൽ നിന്ന് വ്യക്തമാകുന്നത്. പ്രതിപക്ഷ നിരയിൽ നിന്ന് സീറ്റ് മാറ്റി നൽകിയില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ അൻവറിൻെറ പ്രതിഷേധം കൂടി ഉണ്ടാവാൻ അനുവദിക്കേണ്ടെന്ന് കരുതിയാണ് നിയമസഭാ സെക്രട്ടേറിയേറ്റ് പെട്ടെന്ന് തന്നെ തീരുമാനം എടുത്തത്.