Sat. Jan 18th, 2025

 

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും. ഓംപ്രകാശിനെ സന്ദര്‍ശിച്ച താരങ്ങളുടെ പേര് പൊലീസ് പുറത്തുവിട്ടു. പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നുവെന്നും ഇരുവരെയും ചോദ്യം ചെയ്യണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്.

അതേസമയം, കേസില്‍ പ്രതി ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ഇന്ന് ജാമ്യം അനുവദിച്ചു. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ലഹരിക്കേസില്‍ ഞായറാഴ്ചയാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് കുണ്ടന്നൂരിലെ ഹോട്ടലില്‍ നടത്തിയ തിരച്ചിലില്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു. ഹോട്ടലിലെ മൂന്ന് മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.

ഇതില്‍ ലഹരി പാര്‍ട്ടി നടന്നതായി പോലീസിന് വിവരം ലഭിച്ചു. പോള്‍ ജോര്‍ജ് വധക്കേസുള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ് ഓം പ്രകാശ്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.