Wed. Oct 16th, 2024

 

ചെന്നൈ: പി വി അന്‍വര്‍ എംഎല്‍എ ഡിഎംകെയില്‍ ചേരാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍, സംസ്ഥാനത്തും ദേശീയതലത്തിലും സിപിഎമ്മിന്റെ സഖ്യകക്ഷിയായ ഡിഎംകെ അന്‍വറിനെ പാര്‍ട്ടിയിലെടുക്കില്ലെന്ന് കടുത്ത നിലപാടെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട്.

ഡിഎംകെ വക്താവും മുന്‍ രാജ്യസഭാ എംപിയുമായ ടികെഎസ് ഇളങ്കോവനെ ഉദ്ധരിച്ച് ന്യൂസ് മിനിറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റു പാര്‍ട്ടികളിലെ വിമതരെ പാര്‍ട്ടിയിലെടുക്കുന്ന പാരമ്പര്യം ഡിഎംകെയ്ക്കില്ലെന്നും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണെന്നും ഇളങ്കോവന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

ഇതിനെ തുടര്‍ന്നാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുന്ന കാര്യം അന്‍വര്‍ പ്രഖ്യാപിച്ചത്. ഇതൊരു രാഷട്രീയ പാര്‍ട്ടിയല്ല, സോഷ്യല്‍ മൂവ്മെന്റ് മാത്രമാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സഖ്യ നീക്കവുമായി പി വി അന്‍വര്‍ സമീപിച്ചിരുന്നതായി ഡിഎംകെ കേരള ഘടകം വ്യക്തമാക്കി. സഖ്യകക്ഷിയാക്കണം എന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ ഡിഎംകെ കേരള ഘടകം സംസ്ഥാന സെക്രട്ടറി എ ആര്‍ മുരുകേശന്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അന്‍വര്‍ നല്‍കിയ കത്ത് ഡിഎംകെ നേതൃത്വത്തിന് നല്‍കിയിരുന്നു എന്നും മുരുകേശന്‍ ചൂണ്ടിക്കാട്ടി.

ഡിഎംകെ എന്‍ആര്‍ഐ വിഭാഗം സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പുദുഗൈ അബ്ദുള്ളയുമായി പി വി അന്‍വര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ‘എനിക്ക് കഴിഞ്ഞ 15 വര്‍ഷമായി അന്‍വറിനെ അറിയാം, അദ്ദേഹം എപ്പോഴെങ്കിലും ചെന്നൈ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടുക പതിവാണ്. അന്‍വര്‍ സ്വന്തം പാര്‍ട്ടി തുടങ്ങുകയാണെന്നും ഡിഎംകെയില്‍ ചേരുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും അക്കാര്യം നിയമവിദഗ്ദ്ധരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഡിഎംകെയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്‍വര്‍ വിശദീകരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഒരു ഡിഎംകെയുണ്ട്. കേരളത്തിലൊരു ഡിഎംകെയുണ്ട്. അതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്.