Wed. Dec 18th, 2024

 

പാരീസ്: ഇസ്രായേലിനുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ആയുധ കയറ്റുമതി നിര്‍ത്തിവെച്ച വിവരം അറിയിച്ചത്. ഗാസയില്‍ രാഷ്ട്രീയ പരിഹാരം വേണമെന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നുവെന്നും അതുകൊണ്ട് ആയുധ കയറ്റുമതി നിര്‍ത്തിവെക്കുകയാണ് എന്നുമാണ് മാക്രോണ്‍ അറിയിച്ചത്.

മാക്രോണ്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ലെബനാനില്‍ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയേയും മാക്രോണ്‍ വിമര്‍ശിച്ചിരുന്നു.

തങ്ങളെ കേള്‍ക്കാന്‍ നെതന്യാഹു തയ്യാറായില്ല. അത് അവരുടെ ഭാഗത്ത് നിന്നുണ്ടായ ഒരു തെറ്റാണ്. ഇത് ഇസ്രായേലിന്റെ സുരക്ഷക്കും ഭീഷണിയാണെന്നും മാക്രോണ്‍ പറഞ്ഞു. മാക്രോണിന്റെ പ്രതികരണത്തിന് ശക്തമായ ഭാഷയിലായിരുന്നു നെതന്യാഹുവിന്റെ മറുപടി.

‘ആരുടേയും പിന്തുണ ഇല്ലെങ്കിലും ഇസ്രായേല്‍ വിജയിക്കും. ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നത് നാണക്കേടാണ്. ഇസ്രായേലിനൊപ്പം നില്‍ക്കാത്ത ഏതൊരു രാജ്യവും ഇറാനെയും സഖ്യകക്ഷികളെയുമാണ് പിന്തുണക്കുന്നത്. ഇറാന്‍ നയിക്കുന്ന പ്രാകൃത ശക്തികളോട് ഇസ്രായേല്‍ പോരാടുമ്പോള്‍, എല്ലാ പരിഷ്‌കൃത രാജ്യങ്ങളും ഇസ്രായേലിന്റെ പക്ഷത്ത് ഉറച്ചുനില്‍ക്കണം. എന്നിട്ടും, പ്രസിഡന്റ് മാക്രോണും മറ്റ് പാശ്ചാത്യ നേതാക്കളും ഇപ്പോള്‍ ഇസ്രായേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നു. അവര്‍ക്ക് ലജ്ജ തോന്നുന്നില്ലേ?’, നെതന്യാഹു പറഞ്ഞു.